"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പത്തുകാണിയിലും പരിസരങ്ങളിലും കാട്ടാന ശല്യം രൂക്ഷം. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച് ആനക്കൂട്ടം. ആദിവാസി മേഖലയിൽ ആശങ്ക ശക്തം

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖലയ്ക്ക് പുറത്തും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

ഇന്നലെ പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസിമേഖലയിലിറങ്ങിയ കാട്ടാനകള്‍ കവുങ്ങ്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ വ്യാപകമായി പിഴുതെറിഞ്ഞു.


പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും പൂര്‍ണ്ണമായി നശിപ്പിച്ചിട്ടുണ്ട്. 


കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മാസങ്ങൾക്ക് മുമ്പാണ് കാഞ്ഞിരംപാറ സ്വദേശി രാജേഷിനെ കാട്ടാന കുത്തിക്കൊന്നത്. 

കൃഷിയിടത്തേക്ക് കാട്ടാന എത്തിയപ്പോൾ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകുന്നതിനിടയിൽ ആയിരുന്നു ആക്രമണം. വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ സോളാര്‍ വേലികളും ശാശ്വത പ്രതിരോധ സംവിധാനങ്ങളും തീര്‍ക്കാന്‍ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Get more updates from Pudukad News on Google