രാസലഹരി സമൂഹത്തിന് വലിയ വെല്ലുവിളി; ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരും: മന്ത്രി ബിന്ദു കൃഷ്ണ
Current: മലയാളം

കൊല്ലം: രാസലഹരി സമൂഹത്തില്‍ വലിയ വെല്ലുവിളിയായി മാറുകയാണെന്നും ഈ സര്‍ക്കാര്‍ ലഹരി മാഫിയയുടെ വേരറുക്കുമെന്നും തൊഴില്‍, വനിത-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. ഓപ്പറേഷന്‍ തൂഫാനിലൂടെ പൊലീസും ഓപ്പറേഷന്‍ തണ്ടറിലൂടെ എക്സൈസും ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണ്.
വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയും ഈ ലക്ഷ്യത്തിലേക്കുള്ള ഉറച്ചചുവടുവെയ്പാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം എക്സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിമുക്തി മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം- ‘അറിവാണ് ലഹരി’ എക്സൈസ് ഡിവിഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരി വേണ്ടെന്ന് തന്റേടത്തോടെ പറയാനുള്ള ആര്‍ജവം പുതുതലമുറ കാണിക്കണമെന്ന് മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു. കൂട്ടുകാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് അവരെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കണമെന്നും മന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു.




