"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മേഘാലയയിൽ വൻ രാഷ്ട്രീയ അട്ടിമറി. യു.ഡി.പിയുടെ എട്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. നിയമസഭയിൽ ബി.ജെ.പി അംഗബലം പത്തായി ഉയർന്നു. പാർട്ടി അംഗത്വം സ്വീകരിച്ചത് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ. വടക്കുകിഴക്കൻ മേഖലയിലെ നിർണ്ണായക രാഷ്ട്രീയ വഴിത്തിരിവെന്ന് നേതൃത്വം. കൂടുമാറ്റം ഖാസി ഭാഷ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പിന്മേൽ

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഷില്ലോങ്: വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിലെ (എം.ഡി.എ) പ്രധാന ഘടകകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിൽ (യു.ഡി.പി) വൻ രാഷ്ട്രീയ പിളർപ്പ്. 

യു.ഡി.പിയുടെ 12 എം.എൽ.എമാരിൽ എട്ട് പേർ ഒന്നിച്ച് ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. 

ലക്മെൻ റിംബൂയി, പിയൂസ് മാർവീൻ, കിർമെൻ ഷില്ല, മേയർബോൺ സിയേം, മാത്യു കുർബ, ഒല്ലൻ സിങ് സുയിൻ, ബാലജീദ് കുപാർ സിന്റെം, സിൻഷാർ കുപാർ റോയ് എന്നീ ജനപ്രതിനിധികളാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. 

മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നേതൃത്വത്തിലുള്ള എൻ.പി.പി സർക്കാരിലെ മന്ത്രിമാരും ഈ സംഘത്തിലുണ്ട്. എട്ട് പേരുടെ അപ്രതീക്ഷിത വരവോടെ 60 അംഗ നിയമസഭയിൽ വെറും രണ്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ അംഗബലം ഒറ്റയടിക്ക് പത്തായി ഉയർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മേഘാലയയും കൈവരിച്ച സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളിൽ ആകൃഷ്ടരായാണ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതെന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. 

മേഘാലയയ്ക്ക് മാത്രമല്ല, വടക്കുകിഴക്കൻ മേഖലയ്ക്കും രാജ്യത്തിനാകെയും നിർണ്ണായകമായ ഒരു രാഷ്ട്രീയ വഴിത്തിരിവാണ് ഈ കൂട്ടച്ചേർക്കലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻ.പി.പി) നേതൃത്വത്തിലുള്ള മേഘാലയ സർക്കാരിൽ യു.ഡി.പിയും ബി.ജെ.പിയും സഖ്യകക്ഷികളായി തുടരുന്നതിനിടയിലാണ് സഖ്യത്തെത്തന്നെ അമ്പരപ്പിച്ച് എം.എൽ.എമാർ ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായ ഉറപ്പുകൾ നൽകിയതിനാലാണ് തങ്ങൾ ഈ രാഷ്ട്രീയ തീരുമാനമെടുത്തതെന്ന് അംലാരേം എം.എൽ.എ ലക്മെൻ റിംബൂയി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല ഇതെന്നും മാസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഖാസി ഭാഷയെ ഔദ്യോഗികമായി ഉൾപ്പെടുത്തുക, മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട് (എം.ആർ.എസ്.എസ്.എ) പൂർണ്ണതോതിൽ നടപ്പിലാക്കുക, 

സംസ്ഥാനത്തെ പരമ്പരാഗത കൽക്കരി ഖനനവുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ ലഘൂകരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് വ്യക്തമാക്കിയതാണ് ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Get more updates from Pudukad News on Google