വെക്സ്ഫോർഡിൽ നിന്ന് മോഷ്ടിച്ച കാർ റോങ്ങ് സൈഡിൽ ഓടിച്ചു;ഗാർഡ ചേസ് ചെയ്തു പിടിച്ച 16കാരനു ജാമ്യം; സോഷ്യൽ മീഡിയയിൽ വാക് പോര്
Current: മലയാളം

വെക്സ്ഫോർഡിൽ നിന്ന് മോഷ്ടിച്ച കാറുമായി ഡബ്ലിനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16കാരന് കോടതി ജാമ്യം അനുവദിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാഗ്വാദം. ഗാർഡ പിന്തുടരുന്നതിനിടെ മോഷ്ടിച്ച കാർ റോഡിന്റെ റോങ്ങ് സൈഡിലൂടെ ഏകദേശം 1.6 കിലോമീറ്റർ ഓടിച്ച പതിനാറുകാരനാണ് ഡബ്ലിൻ ചിൽഡ്രൻസ് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
വെക്സ്ഫോർഡിൽ നിന്ന് സെപ്റ്റംബർ 18ന് മോഷണം പോയ സിൽവർ നിറത്തിലുള്ള ടൊയോട്ട അക്വാ കാർ പിന്നീട് സൗത്ത് ഡബ്ലിനിൽ ഗാർഡയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പതിനാറുകാരനായ ഡ്രൈവർ നിർദേശം പാലിക്കാതെ മുന്നോട്ട് പോയി. ടയറുകളിൽ നിരവധി ഭാഗങ്ങൾ തകരാറിലാക്കുന്ന തരത്തിൽ സ്റ്റിംഗർ ഉപകരണം ഗാർഡ ഉപയോഗിച്ചിട്ടും വാഹനം ഓട്ടം തുടർന്നതായി കോടതിയിൽ ഗാർഡ പറഞ്ഞു.തുടർന്നുള്ള ചേസിനിടയിൽ വാഹനം രണ്ട് റെഡ് ട്രാഫിക് സിഗ്നലുകൾ മറികടക്കുകയും നിരവധി ട്രാഫിക് ലെയിനുകളും ലുസ്ട്രാക്കും കടക്കുകയും ചെയ്തു. തുടർന്ന് നാസ് റോഡിൽ റെഡ് കൗ ജംഗ്ഷൻ ഭാഗത്തേക്ക് റോങ്ങ് സൈഡിൽ പ്രവേശിച്ച്, എതിർവശത്തുനിന്നുള്ള വാഹനങ്ങൾക്കിടയിലൂടെ ഏകദേശം 1.6 കിലോമീറ്റർ സഞ്ചരിച്ചതായും കോടതിയിൽ ഗാർഡ വ്യക്തമാക്കി.
വാഹനം ഒടുവിൽ നിർത്തിയതിനെ തുടർന്ന് ഡ്രൈവറായ പതിനാറുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗാർഡ പിടി കൂടുകയായിരുന്നു. ഇയാൾക്കെതിരെ വാഹന മോഷണം അപകടമായ രീതിയിലുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ജാമ്യാപേക്ഷ പരിഗണിക്കവെ, തന്റെ ജീവിതത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കൗമാരക്കാരൻ ജഡ്ജിയോട് പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന പ്രൊബേഷൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാതിരുന്നതായും പരിശീലന കോഴ്‌സിൽ പങ്കെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്താതിരുന്നതായും കോടതിയിൽ സമ്മതിച്ചു.
എങ്കിലും കർശന വ്യവസ്ഥകളോടെ ജഡ്ജി ഷാലോം ബിഞ്ചി ജാമ്യം അനുവദിക്കുകയായിരിരുന്നു. രാത്രി കർഫ്യൂ പാലിക്കണം, ബൈൽ സൂപ്പർവൈസഷൻ പ്രോഗ്രാമിൽ പങ്കെടുക്കണം, കൂടാതെ പൂർണ്ണ ഇൻഷുറൻസുള്ള ഡ്രൈവറോടൊപ്പമല്ലാതെ മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കൗമാരക്കാരന്റെ തുടർ നിയമനടപടികൾ സംബന്ധിച്ച കേസ് പിന്നീട് വീണ്ടും പരിഗണിക്കും.
ജാമ്യ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടുകൂടി സോഷ്യൽ മീഡിയയിൽ ജാമ്യം കൊടുത്തതിനെ എതിർത്തും അനുകൂലിച്ചും ആളുകൾ പ്രതികരിക്കുകയായിരുന്നു. ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത് ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്യുന്നതിന് കൂടുതൽ പ്രേരണയാകുമെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ റീ ഫോം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് എന്നാണ് മറ്റൊരു കൂട്ടർ വാദിച്ചത്




