മഹാരാഷ്ട്രയില്‍ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് മാറ്റാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരനായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി: വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നിറക്കാന്‍ ശ്രമിച്ച പിതാവിനെ ശാന്തനാക്കാന്‍ അടുക്കളയിലെത്തിയ മകന് നേരെ ആക്രമണം
Current: മലയാളം

മുംബൈ: മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് അച്ഛനെ ശാന്തനാക്കാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ പൊലാദ്പൂരിന് സമീപമുള്ള ലോഹാരെ ദിയുല്‍കോണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. സാഹില്‍ സച്ചിന്‍ ചിക്‌നെ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് സച്ചിന്‍ ബജ്രംഗ് ചിക്‌നെയെ പോലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു.
സാഹിലിന്റെ അമ്മ സന്ധ്യയും (40) ഭര്‍ത്താവ് സച്ചിനും തമ്മില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിന് ശേഷം വീട്ടിലെത്തിയ സച്ചിന്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും എല്ലാവരോടും ഉടന്‍ വീടുവിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അടുക്കളയില്‍ കയറി ഉള്ളി അരിഞ്ഞുകൊണ്ടിരുന്ന സച്ചിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ മകന്‍ സാഹില്‍ അടുക്കളയിലെത്തി.
എന്നാല്‍ ഇതില്‍ പ്രകോപിതനായ സച്ചിന്‍, ഉള്ളി അരിയാന്‍ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചില്‍ ആഞ്ഞുകുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.




