മൂന്ന് മക്കളുടെ മരണത്തിൽ വധശിക്ഷ ലഭിച്ച അമ്മയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി; ബാലസാക്ഷിയുടെ മൊഴിയിൽ ഗുരുതര വൈരുധ്യങ്ങൾ | Allahabad High Court acquits Priyanka
Current: മലയാളം

പ്രയാഗ്‌രാജ്: മൂന്ന് മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനി പ്രിയങ്കയെയും സഹപ്രതി ആശിഷ് എന്ന ഡൈനിയെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷന് ഇരുവർക്കുമെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സിദ്ധാർഥ വർമ്മ, ജയ് കൃഷ്ണ ഉപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയത്. (Allahabad High Court acquits Priyanka)
2024 ജൂൺ 27ന് ഔരയ്യയിലെ സെൻഗൂർ നദിയിൽ നിന്ന് ആറ് വയസുകാരനായ മാധവ്, അഞ്ച് വയസുകാരനായ ആദിത്യ, നാല് വയസുകാരനായ മംഗൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ കേസാണിത്. പ്രിയങ്ക തന്റെ നാല് മക്കളെയും പുലർച്ചെ അഞ്ചുമണിയോടെ നദിക്ക് സമീപമുള്ള പാലത്തിലെത്തിച്ചെന്നും ആശിഷുമായി ചേർന്ന് കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു എഫ്ഐആറിലെ ആരോപണം. നാല് കുട്ടികളിൽ മൂത്തയാളായ സോനു രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയങ്കയുടെ ഭർത്താവിന്റെ ബന്ധുവും ആരോപണവിധേയനായ പങ്കാളിയുമായിരുന്നു ആശിഷ്. ഇരുവരും തമ്മിലുള്ള ബന്ധം തുടരുന്നതിനായി കുട്ടികളെ ഒഴിവാക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2025ൽ വിചാരണക്കോടതി പ്രിയങ്കയ്ക്ക് വധശിക്ഷയും ആശിഷിന് ജീവപര്യന്തം തടവും വിധിച്ചിരുന്നു. കേസിലെ പ്രധാന തെളിവായി സോനുവിന്റെ മൊഴിയെയാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്.
എന്നാൽ എട്ട് വയസുകാരനായ സോനുവിന്റെ മൊഴിയിൽ പരസ്പരം പൊരുത്തപ്പെടാത്ത നിരവധി കാര്യങ്ങളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മൊഴിയിൽ ‘ഒത്തുപോകാനാകാത്ത വൈരുധ്യങ്ങൾ’ ഉണ്ടെന്നും അത് പഠിപ്പിച്ച മൊഴിയുടേതെന്ന വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. സംഭവത്തെക്കുറിച്ച് സോനു നൽകിയ വിവരങ്ങളും കേസിലെ ആദ്യ വിവരദാതാവായ മനീഷിന്റെ മൊഴിയും തമ്മിലും വൈരുധ്യമുണ്ടായിരുന്നു. അന്വേഷണത്തിലെ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ മൊഴി സംഭവദിവസം തന്നെ രേഖപ്പെടുത്തിയില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളിലും അന്വേഷണത്തിൽ മറ്റ് പോരായ്മകളുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം സംശയാതീതമായി സ്ഥാപിക്കാനാകാത്തതിനാൽ ഇരുവർക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മറ്റേതെങ്കിലും കേസിൽ ആവശ്യമില്ലെങ്കിൽ ഇരുവരെയും ഉടൻ വിട്ടയക്കാനും കോടതി നിർദേശിച്ചു.
Summary: The Allahabad High Court acquitted Priyanka and Ashish in the case involving the deaths of three children in Auraiya. The court found serious contradictions in the surviving child witness’s testimony and held that the prosecution had failed to prove the case beyond reasonable doubt.




