എന്റെ യാത്ര (കവിത)
Current: മലയാളം

കണ്ടു ഞാൻ ഭൂമിതൻ സ്വർഗ്ഗ സൗന്ദര്യത്തെ
കണ്ടു ഞാൻ പ്രകൃതിതൻ വശ്യമാം ഭംഗിയെ
കണ്ടു ഞാൻ പുഴകളെ, മലകളെ, പൂക്കളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമി ദേവിയെ
കണ്ടു ഞാൻ പ്രഭയേറും ആദിത്യ ദേവനെ
കണ്ടു ഞാനാ സ്വർണ്ണ വർണ്ണമാം കിരണത്തെ
കണ്ടു ഞാൻ തെളിവാർന്നുണർന്നൊരാകാശത്തെ
കണ്ടു ഞാൻ സർവസ്വയാം ഭൂമി ദേവിയെ
കണ്ടു ഞാൻ ഹിമകണമണിഞ്ഞ വൃക്ഷങ്ങളെ
കണ്ടു ഞാൻ കാറ്റിലാടീടും മരങ്ങളെ
കണ്ടു ഞാൻ ഇട തൂർന്ന വനാന്തരങ്ങളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമി ദേവിയെ
കണ്ടു ഞാൻ സഹ്യാദ്രിതൻ തുംഗ ശൃംഗത്തെ
കണ്ടു ഞാൻ നിരകളായ് വിലസും മലകളെ
കണ്ടു ഞാൻ മലകളെ തഴുകിടും ജലദത്തെ
കണ്ടു ഞാൻ സർവസ്വയാം ഭൂമിദേവിയെ
കണ്ടു ഞാൻ ജീവാമൃതമാം നദീകളെ
കണ്ടു ഞാൻ അഴകോടെ ഒഴുകും പുഴകളെ
കണ്ടു ഞാൻ പുഴകളിൽ തെളിയുമോളങ്ങളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമിദേവിയെ
കണ്ടു ഞാൻ തൂമഞ്ഞിൽ വിരിയുന്ന പൂക്കളെ
കണ്ടു ഞാൻ പൂന്തേൻ നുകരും അളികളെ
കണ്ടു ഞാൻ വർണാഭമാം ശലഭങ്ങളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമിദേവിയെ
കണ്ടു ഞാൻ കുങ്കുമ ശോഭയാം സന്ധ്യയെ
കണ്ടു ഞാൻ തൻ കൂടുപറ്റും കിളികളെ
കണ്ടു ഞാൻ രാവിൻ ആകാശ ദീപങ്ങളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമിദേവിയെ
കണ്ടു ഞാൻ ഭൂമിതൻ സ്വർഗ്ഗ സൗന്ദര്യത്തെ
കണ്ടു ഞാൻ പ്രകൃതിതൻ വശ്യമാം ഭംഗിയെ
കണ്ടു ഞാൻ പുഴകളെ, മലകളെ, പൂക്കളെ
കണ്ടു ഞാൻ സർവസ്വയാം ഭൂമി ദേവിയെ
-സൗപർണ്ണ ശശികുമാർ




