തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കളംമാറിയത് 111 എം.പിമാരും എം.എൽ.എമാരും. ജനാധിപത്യത്തെ പരിഹസിച്ച് വൻ കൂറുമാറ്റങ്ങളെന്ന് എ.ഡി.ആർ പഠന റിപ്പോർട്ട്. നാഗാലാൻഡും പശ്ചിമ ബംഗാളും പട്ടികയിൽ മുന്നിൽ. ഏറ്റവും കൂടുതൽ നേതാക്കളെ നഷ്ടപ്പെട്ടത് എൻ.ഡി.പി.പിക്കും തൃണമൂലിനും കോൺഗ്രസിനും. ബി.ജെ.പിക്കും എൻ.പി.എഫിനും വൻ നേട്ടം. കൂറുമാറ്റ നിരോധന നിയമത്തിൽ ഭരണഘടനാ ഭേദഗതി വേണമെന്ന് ആവശ്യം
Current: മലയാളം

ന്യൂഡൽഹി: പാർലമെന്റിലേക്കോ വിവിധ സംസ്ഥാന നിയമസഭകളിലേക്കോ ജനവിധി തേടി വിജയിച്ച ശേഷം മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് കളംമാറി ചേക്കേറിയത് 111 സിറ്റിങ് എം.പിമാരും എം.എൽ.എമാരുമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തുവിട്ട സംയുക്ത പഠന റിപ്പോർട്ട്.
2022 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും സമഗ്രമായി വിശകലനം ചെയ്തുകൊണ്ടാണ് വോട്ടർമാരുടെ ജനവിധി അട്ടിമറിക്കുന്ന രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ ഞെട്ടിക്കുന്ന ഈ കണക്കുകൾ എ.ഡി.ആർ വെളിപ്പെടുത്തിയത്.
ജനപ്രതിനിധികളുടെ വ്യക്തിഗത കൂറുമാറ്റങ്ങൾ, പാർട്ടികളുടെ ഔദ്യോഗിക ലയനങ്ങൾ, അംഗത്വം രാജിവെച്ച് മറ്റ് പാർട്ടി ചിഹ്നത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും ജയിച്ചെത്തിയവർ, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട ശേഷം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവർ എന്നിവരെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ഈ കാലയളവിൽ ആകെ 26 ലോക്‌സഭാ എം.പിമാരും 7 രാജ്യസഭാ എം.പിമാരും 78 നിയമസഭാ അംഗങ്ങളുമാണ് തങ്ങളെ വിജയിപ്പിച്ച പ്രസ്ഥാനങ്ങളെ കൈവിട്ട് മറ്റ് പാളയങ്ങളിലേക്ക് പോയത്. സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കൂറുമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചത് വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡാണ്.
ഭരണകക്ഷിയായ എൻ.ഡി.പി.പിയിൽ നിന്ന് കൂട്ടത്തോടെ ജനപ്രതിനിധികൾ നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് (എൻ.പി.എഫ്) മാറിയതോടെ നാഗാലാൻഡിൽ മാത്രം 32 എം.എൽ.എമാരാണ് കളംമാറിയത്.
തൊട്ടുപിന്നിലുള്ള പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 എം.പിമാരാണ് പാർട്ടി മാറി നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എൻ.സി.പി.ഐ) ചേക്കേറി സഭയിൽ ലയനം അവകാശപ്പെട്ടത്.
ഈ എം.പിമാരുടെ അയോഗ്യത സംബന്ധിച്ച വിഷയം നിലവിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ പരിഗണനയിലാണ്. തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) ഒൻപത് എം.എൽ.എമാർ കോൺഗ്രസിലേക്ക് ചേക്കേറിയപ്പോൾ, ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറി.
പഞ്ചാബിൽ ആറ് രാജ്യസഭാ എം.പിമാരും രണ്ട് എം.എൽ.എമാരും ഉൾപ്പെടെ എട്ട് പേരും, മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ പക്ഷത്തുനിന്ന് ആറ് എം.പിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്കും കളംമാറ്റി അധികാരം പങ്കിട്ടു.
പാർട്ടികളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ നഷ്ടപ്പെട്ടത് നാഗാലാൻഡിലെ എൻ.ഡി.പി.പിക്കാണ് (25 പേർ). തൃണമൂൽ കോൺഗ്രസിന് 20 പേരെയും കോൺഗ്രസിന് 19 പേരെയും ഇത്തരത്തിൽ നഷ്ടമായി.
രാജ്യത്ത് നടന്ന ആകെ കൂറുമാറ്റങ്ങളിൽ 58 ശതമാനത്തോളവും ഈ മൂന്ന് പാർട്ടികളിൽ നിന്നായിരുന്നു. ബി.ആർ.എസിൽ നിന്ന് ഒൻപതും, എ.എ.പി, ശരദ് പവാറിന്റെ എൻ.സി.പി എന്നിവയിൽ നിന്ന് ഏഴ് വീതവും പ്രതിനിധികൾ മറുപക്ഷത്തേക്ക് കൂടുമാറി.
അതേസമയം, മറുപക്ഷത്തുനിന്ന് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ സ്വന്തം പാളയത്തിലേക്ക് എത്തിച്ച് നേട്ടമുണ്ടാക്കിയത് എൻ.പി.എഫും (32 പേർ), ബി.ജെ.പിയും (29 പേർ), എൻ.സി.പി.ഐയുമാണ് (20 പേർ).
നിരവധി സംസ്ഥാനങ്ങളിലെ ജനകീയ സർക്കാരുകളെ അട്ടിമറിക്കാനും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനും പണക്കൊഴുപ്പും അധികാരമോഹവും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എ.ഡി.ആർ, ഭരണഘടനയുടെ പത്താം ഷെഡ്യൂളായ കൂറുമാറ്റ നിരോധന നിയമത്തിൽ കാതലായ ഭേദഗതികൾ അടിയന്തരമായി വരുത്തണമെന്ന് ശുപാർശ ചെയ്തു.
കൂറുമാറ്റ പരാതികളിൽ ഭരണകക്ഷിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന സ്പീക്കർമാർക്ക് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയോടെ എം.പിമാരുടെ കാര്യത്തിൽ രാഷ്ട്രപതിയും എം.എൽ.എമാരുടെ കാര്യത്തിൽ അതത് സംസ്ഥാന ഗവർണർമാരും നേരിട്ട് തീരുമാനമെടുക്കുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും, ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും സംഘടന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.




