‘ഗ്യാനേഷ് കുമാറും ഇലക്ഷൻ കമ്മീഷനും തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണം’: തുറന്നടിച്ച് ചിരാഗ് പാസ്വാൻ | Chirag Paswan
Current: മലയാളം

ന്യൂഡൽഹി: ജനങ്ങൾക്കിടയിലെ സംശയങ്ങൾ ദുരീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറും വിഷയത്തിൽ തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്ന് ലോക ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാൻ. ഭരണപക്ഷമായ എൻ.ഡി.എയിലെ മറ്റു ഘടകകക്ഷികളിൽ നിന്ന് വേറിട്ട നിലപാടാണ് ഈ വിഷയത്തിൽ ചിരാഗ് പസ്വാൻ സ്വീകരിച്ചിരിക്കുന്നത്.(Chirag Paswan Demands Public Clarification From Election Commission On Electoral Process)
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും, രാഹുൽ ഗാന്ധിക്കല്ല മറിച്ച് സാധാരണ ജനങ്ങൾക്കാണ് കമ്മീഷൻ മറുപടി നൽകേണ്ടതെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം.
കേന്ദ്രത്തിലും ബിഹാറിലും എൻ.ഡി.എയുടെ ഭാഗമായിരിക്കുമ്പോഴും ക്രമസമാധാനം, സംവരണം, ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നുപറയുന്ന ശൈലിയാണ് ചിരാഗ് പസ്വാൻ തുടരുന്നത്. ബിഹാറിലെ ക്രമസമാധാന തകർച്ചയിലും പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം മുൻപും രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.
Story Summary
Union Minister and LJP(RV) chief Chirag Paswan urged the Chief Election Commissioner to publicly clarify its stance to restore public faith in the electoral process, diverging from NDA allies. Known for his independent position despite being part of the ruling alliance, Paswan has also repeatedly criticized the Bihar government over law and order while firmly opposing sub-categorization in Scheduled Caste reservations.




