റോഡുകൾ മരണക്കെണിയാക്കി സ്വകാര്യ ബസുകൾ. നിയമവാഴ്ച തകർന്നെന്നും ഉദ്യോഗസ്ഥർ ഉറക്കത്തിലാണോയെന്നും ഹൈക്കോടതിയുടെ വിമർശനം. മദയാനകളെപ്പോലെ റോഡിൽ മത്സരയോട്ടം നടത്തി ജീവനെടുക്കുന്നുവെന്നും ആക്ഷേപം. കൊച്ചിയിലെയും കണ്ണൂരിലെയും ദൃശ്യങ്ങൾ പരിശോധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ട്രാഫിക് പോലീസ് നിഷ്ക്രിയമെന്നും നിയമം ലംഘിക്കുന്നവരെ ഡ്രൈവിങ്ങിൽ നിന്ന് വിലക്കണമെന്നും നിർദ്ദേശം

Current: മലയാളം

കൊച്ചി: നിരത്തുകളിൽ സാധാരണക്കാരുടെ ജീവൻ പണയപ്പെടുത്തി സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിലിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി.
സംസ്ഥാനത്തെ റോഡുകൾ പൂർണ്ണമായും മരണക്കെണിയായി മാറിയിരിക്കുകയാണെന്നും നിയമവാഴ്ച പാടേ ഇല്ലാതായെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു.
കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ ഭയാനകമായ മരണപ്പാച്ചിലിന്റെയും വാഹനാപകടങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ചാണ് കോടതി അധികൃതർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയും കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
റോഡുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ.
കോടതിയെയോ പോലീസിനെയോ നിയമസംവിധാനങ്ങളെയോ തെല്ലും ഭയമില്ലാതെ റോഡിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് പല സ്വകാര്യ ബസ് ജീവനക്കാർക്കുമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വഴിപോക്കരെയും മറ്റ് വാഹനങ്ങളെയും വകവെക്കാതെ മദയാനകളെപ്പോലെ പാഞ്ഞുനടന്ന് നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതൊന്നും കാണാതെ റോഡിലെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദപ്പെട്ട അധികൃതർ ഉറങ്ങുകയാണോ എന്ന് കോടതി ചോദിച്ചു.
സമയക്രമം പാലിക്കണമെന്ന സ്ഥിരം മുടന്തൻ ന്യായമാണ് ബസുകാർ ഇതിനൊക്കെ കാരണമായി എപ്പോഴും പറയുന്നത്. മുൻപിൽ പോയ ബസിനെ മറികടക്കാനായി നടപ്പാതയിലേക്ക് അത്യന്തം അപകടകരമായി ബസ് കയറ്റി അതിവേഗത്തിൽ ഓവർടേക്ക് ചെയ്ത ഞെട്ടിക്കുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇത്തരം അപകടകരമായ ഡ്രൈവിങ് നടത്തുന്നവരെ ഇനി ഒരു കാരണവശാലും വാഹനം ഓടിക്കാൻ അനുവദിക്കരുതെന്ന് കർശനമായി വ്യക്തമാക്കി.
ബസുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരയോട്ടമാണ് സംസ്ഥാനത്തെ നിരത്തുകളെ യുദ്ധക്കളമാക്കുന്നത്. കൊച്ചിയിലെ സംഭവത്തിൽ കാൽനടയാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് കേവലം ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ്.
കോടതി മുൻപും ശക്തമായ ഒട്ടേറെ നിർദ്ദേശങ്ങൾ നൽകിയിട്ടും സംസ്ഥാനത്ത് ട്രാഫിക് പോലീസ് പൂർണ്ണ നിഷ്ക്രിയമായി തുടരുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
സ്വകാര്യ ബസുകളിലെ ഡ്രൈവർമാർ മുഴുവൻ മോശക്കാരാണെന്ന അഭിപ്രായം കോടതിക്കില്ല. കണ്ണൂരിൽ ഒരു ബസ് സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ തൊട്ടുപിന്നാലെ വന്ന മറ്റൊരു ബസിലെ ജീവനക്കാർ കുട്ടികളുടെ സഹായത്തിന് ഓടിയെത്തിയത് നാം കണ്ടതാണ്.
നല്ലവരായ മനുഷ്യരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അനാവശ്യമായി ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്തെ വേഗത കുറഞ്ഞ വരിയിലൂടെ മാത്രമേ പോകാവൂ എന്നുമുള്ള കർശന നിർദ്ദേശങ്ങൾ പലരും മനഃപൂർവ്വം കാറ്റിൽപ്പറത്തുകയാണ്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്ലസ് ടു ക്ലാസുകളിൽ ട്രാഫിക് നിയമങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ബസുകൾക്കെതിരെ കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിക്കണം.
നിയമലംഘനത്തിന് നടപടിയെടുക്കുമ്പോൾ പണിമുടക്ക് ഭീഷണിയുമായി ബസുടമകളും തൊഴിലാളികളും രംഗത്തുവന്നാൽ അതിന് വഴങ്ങിക്കൊടുക്കാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കൊച്ചി പള്ളിമുക്കിൽ സഹോദരൻ അയ്യപ്പൻ റോഡിന് സമീപം ട്രാഫിക് സിഗ്നൽ ലൈറ്റ് മരക്കൊമ്പ് കൊണ്ട് പൂർണ്ണമായും മറഞ്ഞിരിക്കുന്ന സ്ഥിതിവിശേഷമുണ്ടെന്നും, അപകടങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം ഈ മരക്കൊമ്പുകൾ വെട്ടിമാറ്റി റോഡ് സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.




