വോട്ടർ പട്ടിക പുതുക്കലിൽ മറ്റ് കമ്മീഷണർമാരെ മറികടന്ന് ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊണ്ടെന്ന ആരോപണം: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

Current: മലയാളം

ഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ഇലക്ഷന് കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തില്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കേസില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.
വോട്ടര്‍ പട്ടിക തിരുത്തലിന്റെ ഭാഗമായി കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊണ്ട അനധികൃത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വോട്ടിംഗ് വിവരങ്ങള്‍ ശേഖരിക്കുന്ന ഇ.സി.ഐ.നെറ്റ്, ഇ.ആര്.ഒ.നെറ്റ് ഡാറ്റാബേസുകളില്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും, 2025 ഒക്ടോബര്‍ 1 മുതലുള്ള സെര്‍വര്‍ ലോഗുകള്‍, കമ്മ്യൂണിക്കേഷനുകള്‍, മെറ്റാഡാറ്റ എന്നിവ സുരക്ഷിതമായി സംരക്ഷിക്കാന്‍ ഉത്തരവിടണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയെങ്കിലും ചീഫ് ഇലക്ഷന് കമ്മീഷണറുടെ തീരുമാനങ്ങളെ മറ്റ് രണ്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി എതിര്‍ത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പുറമേ, ഐ.ടി വിഭാഗത്തിന്റെ ഭരണപരമായ മേല്‍നോട്ടം ഇല്ലാതാക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഐ.ടി ഡയറക്ടര്‍ ജനറല്‍ സീമ ഖന്ന എന്നിവര്‍ക്കെതിരെയും അന്വേഷണവും നടപടിയും വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




