ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് ഭീഷണിയെന്ന് പ്രിയങ്ക ഗാന്ധി; രാജിവയ്ക്കണമെന്നും ആവശ്യം | Priyanka Gandhi

Current: മലയാളം

മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി (Priyanka Gandhi). ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ ഭീഷണിയാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കമ്മിഷനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കൾ വിജയിക്കാനിടയുള്ള സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം അതിൽനിന്ന് വ്യത്യസ്തമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭരണകൂടത്തിന്റെ നയങ്ങളിൽ ജനങ്ങൾ സംതൃപ്തരല്ലെന്നാണ് തന്റെ വിലയിരുത്തലെന്നും തെരുവിലിറങ്ങി ജനങ്ങളുമായി നേരിട്ട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ സാഹചര്യം മനസിലാക്കാനാകുമെന്നും അവർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒരുമിച്ചാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
അതേസമയം, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കിടയിലാണ് പ്രിയങ്കയുടെ പുതിയ പ്രതികരണം. കമ്മിഷനിലെ രണ്ട് അംഗങ്ങൾ വിവിധ നടപടികളിൽ എതിർപ്പുകൾ ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും നടപടികൾ നിയമാനുസൃതമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary:
Congress leader and Wayanad MP Priyanka Gandhi Vadra has demanded the resignation of Chief Election Commissioner Gyanesh Kumar, alleging serious concerns over the functioning of the Election Commission. The Election Commission has maintained that its decisions, including those related to the electoral roll revision, were taken unanimously and according to established procedures.




