തമിഴ്നാട് രാജ്യത്തെ പ്രധാന വരൾച്ചാ ഹോട്ട്സ്പോട്ടായി മാറുന്നു. ദക്ഷിണേന്ത്യയിൽ വരൾച്ചാബാധിത പ്രദേശങ്ങളുടെ വിസ്തൃതിയിൽ വൻ വർദ്ധനവെന്ന് 52 വർഷത്തെ പഠനം. ചില വർഷങ്ങളിൽ 40 ശതമാനത്തിലേറെ പ്രദേശം വരൾച്ചയുടെ പിടിയിൽ. എൽ നിനോ ഭീഷണി 2027 വരെ തുടരുമെന്ന് മുന്നറിയിപ്പ്. വരൾച്ച പ്രതിരോധ വിളകളിലേക്ക് മാറാൻ സർക്കാർ സമിതി ശുപാർശ

Current: മലയാളം

ചെന്നൈ: കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി തമിഴ്നാട് ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ വരൾച്ചാ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയെന്ന് വെളിപ്പെടുത്തി ശാസ്ത്രീയ പഠന റിപ്പോർട്ട്.
രാജ്യത്തെ നാല് പ്രധാന കാലാവസ്ഥാ മേഖലകളിൽ ഒന്നായ ദക്ഷിണ ഉപദ്വീപീയ ഇന്ത്യയിൽ (South Peninsular India – SPI) ദീർഘകാലമായി വരൾച്ച ബാധിക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലൈമറ്റോളജി’യിൽ പ്രസിദ്ധീകരിച്ച ‘Evolution of Climate Extremes Over the Indian Subcontinent Using a Revised CEI’ എന്ന സമഗ്ര ഗവേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF), കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD), ഏട്രിയ സർവ്വകലാശാല എന്നിവിടങ്ങളിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ സംയുക്തമായാണ് 1971 മുതൽ 2022 വരെയുള്ള 52 വർഷങ്ങളിലെ മഴയുടെ തോതും അന്തരീക്ഷ താപനിലയും അടിസ്ഥാനമാക്കി പഠനം നടത്തിയത്.
മഴയുടെ യഥാർത്ഥ അളവും അന്തരീക്ഷത്തിലെ ജലബാഷ്പീകരണ ആവശ്യകതയും കൃത്യമായി പരിശോധിക്കുന്ന സ്റ്റാൻഡേർഡൈസ്ഡ് പ്രിസിപ്പിറ്റേഷൻ-ഇവാപറേഷൻ ഇൻഡക്സ് (SPEI) രീതി അവലംബിച്ചുള്ള വിലയിരുത്തലിൽ, 2000-മാണ്ടിന് ശേഷം ദക്ഷിണ ഉപദ്വീപീയ മേഖലയിലെ വരൾച്ചാബാധിത പ്രദേശങ്ങൾ അത്യന്തം അപകടകരമായ തോതിൽ ഉയർന്നതായി തെളിഞ്ഞു.
ചില പ്രത്യേക വർഷങ്ങളിൽ ഈ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തിലധികം പ്രദേശങ്ങളും കടുത്ത വരൾച്ചയുടെ പിടിയിലമർന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ദക്ഷിണ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ ഓരോ പത്ത് വർഷത്തിലും 20 ശതമാനത്തിലേറെ വരൾച്ചാ ആവർത്തനങ്ങൾ സംഭവിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഏറ്റവും ശക്തമായ വരൾച്ചാ സൂചനകൾ പ്രകടമാകുന്നത് ദക്ഷിണേന്ത്യയിലാണെന്നും, തമിഴ്നാട് ഉൾപ്പെടുന്ന കിഴക്കൻ തീരപ്രദേശം ഇന്ത്യയിലെ തന്നെ അതീവ ഗുരുതര വരൾച്ചാ മേഖലയാണെന്നും പഠനത്തിന്റെ സഹരചയിതാവും മുൻ ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറിയുമായ എം. രാജീവൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മിക്ക പ്രകൃതിദുരന്തങ്ങളേക്കാളും ആഘാതം സൃഷ്ടിച്ചത് ദക്ഷിണേന്ത്യയിലെ ഈ കൊടുംവരൾച്ചയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ തോട്ട മോഹനും ചൂണ്ടിക്കാട്ടി.
തമിഴ്നാടിന്റെ മഴക്കാല ചരിത്രം പരിശോധിച്ചാൽ തുലാവർഷം അഥവാ വടക്കുകിഴക്കൻ മൺസൂൺ ദുർബലമാകുമ്പോഴെല്ലാം സംസ്ഥാനം കടുത്ത ദുരന്തത്തിലേക്ക് വീഴാറുണ്ടെന്ന് വ്യക്തമാണ്. വടക്കുകിഴക്കൻ മൺസൂൺ വൻതോതിൽ പരാജയപ്പെട്ട 2016-ൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ ഭീമമായ കുറവാണ് രേഖപ്പെടുത്തിയത്.
അന്ന് ആകെയുള്ള 16,682 ഗ്രാമങ്ങളിൽ 13,305 ഗ്രാമങ്ങളും, സംസ്ഥാനത്തെ അന്നത്തെ മുഴുവൻ 32 ജില്ലകളും വരൾച്ചാബാധിതമായി സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സമുദ്രോപരിതല താപനില വ്യതിയാനവുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തെക്കുറിച്ചുള്ള തമിഴ്നാട് സർക്കാരിന്റെ ഏറ്റവും പുതിയ വിലയിരുത്തലുകളും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
ജലക്ഷാമം, ഭൂഗർഭജലനിരപ്പിലെ ഇടിവ്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലെ കനത്ത കുറവ് എന്നിവ സംസ്ഥാനത്തിന് വൻ ഭീഷണിയാണെന്ന് സർക്കാർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക എൽ നിനോ ഉപദേശക സമിതി നൽകിയ റിപ്പോർട്ട് പ്രകാരം വരുന്ന വർഷങ്ങളിലും 2027 വരെയും ജലസമ്മർദ്ദവും രൂക്ഷമായ വരൾച്ചാ സാധ്യതകളും തുടരാൻ ഇടയുണ്ട്. ഈ കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടാൻ പരമ്പരാഗത കൃഷിരീതികളിൽ ഉടൻ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് ഉപദേശക സമിതി നിർദ്ദേശിച്ചു.
ജല ഉപയോഗം വളരെ കുറഞ്ഞതും, ചുരുങ്ങിയ കാലയളവിൽ വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കുന്നതുമായ കൃഷികൾ വ്യാപിപ്പിക്കണം. ഒപ്പം അതികഠിനമായ ചൂടിനെയും വരൾച്ചയെയും പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക വിത്തിനങ്ങളും വിളവർഗ്ഗങ്ങളും കർഷകർക്കിടയിൽ പ്രോത്സാഹിപ്പിക്കാനും,
അമിതമായി വെള്ളം ആവശ്യമുള്ള കൃഷികൾ ഉപേക്ഷിച്ച് ബദൽ വിളകളിലേക്ക് മാറുന്ന കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങളും സാമ്പത്തിക പ്രോത്സാഹനങ്ങളും നൽകാനും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.




