വിനോദസഞ്ചാര മേഖലയില്‍ കഥപറച്ചിലിന്റെ മാധ്യമമായി തോല്‍പ്പാവക്കൂത്ത്; ശ്രദ്ധേയമായി കെ.ടി.എം പ്രദര്‍ശനം

Current: മലയാളം

കൊച്ചി: കേരളത്തിന്റെ പരമ്പരാഗത പാവക്കൂത്തുകളിലൊന്നായ തോല്‍പ്പാവക്കൂത്തിനെ വിനോദസഞ്ചാരത്തിലെ കഥപറച്ചില്‍ മാധ്യമമായി ഉപയോഗിക്കാനുള്ള പുത്തന്‍ സാധ്യതകള്‍ അവതരിപ്പിച്ച് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം). തോല്‍പ്പാവക്കൂത്തിനെ ക്ഷേത്രമതിലുകള്‍ക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനൊപ്പം സഞ്ചാരികളെ സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്കും അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
.
വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ‘ഷാഡോ പപ്പട്രി’ എന്ന പ്രത്യേക സ്റ്റാളിലൂടെ സന്ദര്‍ശകര്‍ക്ക് ഈ കലാരൂപത്തെ അടുത്തറിയാനാകും. തോല്‍പ്പാവക്കൂത്തിന്റെ ചരിത്രം, പരമ്പരാഗത പാവകള്‍, അവതരണവുമായി ബന്ധപ്പെട്ട രീതികള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇവിടെ അവസരമുണ്ട്.
തോല്‍പ്പാവക്കൂത്തിന്റെ പരമ്പരാഗത കേന്ദ്രമായ വള്ളുവനാട്ടില്‍ നിന്നുള്ള കലാകാരന്മാരുടെ കുടുംബമാണ് ഈ സ്റ്റാളിന് നേതൃത്വം നല്‍കുന്നത്.
തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനകീയമാക്കുന്നതിനും സാംസ്കാരിക വിനോദസഞ്ചാരത്തെ കൂടുതല്‍ അനുഭവവേദ്യമാക്കുന്നതില്‍ ഈ കലാരൂപത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനുമാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നതെന്ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ‘തോല്‍പ്പാവക്കൂത്ത് സംഘം’ നടത്തുന്ന വിപിന്‍ വിശ്വനാഥ പുലവര്‍ പറഞ്ഞു.
കഥപറച്ചില്‍ കലാരൂപമായ തോല്‍പ്പാവക്കൂത്തിലൂടെ വള്ളുവനാടിനെയും അവിടുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങളെയും സ്ഥലങ്ങളെയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്് ആഗ്രഹിക്കുന്നതായി വിപിന്‍ പറഞ്ഞു. ഇതൊരു കഥപറച്ചില്‍ മാധ്യമമായി മാറുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്കും പുതുതലമുറയ്ക്കും തൊഴില്‍ കണ്ടെത്താനുള്ള അവസരങ്ങള്‍ ഇതിലൂടെ ലഭിക്കും. കെടിഎമ്മില്‍ പങ്കെടുക്കാനായത് മികച്ച അനുഭവമാണ്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളെ കാണാനും അവരുമായി സംവദിക്കാനും തോല്‍പ്പാവക്കൂത്ത് പരിചയപ്പെടുത്താനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ഭാര്യ രമ്യ ദേവിക്കൊപ്പം ആറുവയസ്സുകാരിയായ മകള്‍ മഹാലക്ഷ്മിയും സ്റ്റാളിലുണ്ട്. മൂന്നാം വയസ്സില്‍ പിതാവിനൊപ്പം ചേര്‍ന്നാണ് മഹാലക്ഷ്മി തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചു തുടങ്ങിയത്.
പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി പരമ്പരാഗതമായി അവതരിപ്പിച്ചിരുന്ന തോല്‍പ്പാവക്കൂത്ത് കാലക്രമേണ ക്ഷേത്രപരിസരങ്ങളില്‍ നിന്ന് തുറസ്സായ വേദികളിലേക്ക് വ്യാപിക്കുകയായിരുന്നു.




