പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ | KSRTC conductor

Current: മലയാളം

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ടക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു (KSRTC conductor). യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവമുണ്ടായത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പറവൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിഎംഡിയുടെ നിർദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ നിയമാനുസൃതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
Story Summary:
A KSRTC conductor was suspended following a complaint that he allegedly behaved inappropriately with a Plus Two student during a bus journey in Paravur. A preliminary vigilance inquiry reportedly found serious lapses on the conductor’s part.




