"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയര്‍ലണ്ടിന്റെ പുതിയ ബജറ്റില്‍ പ്രതീക്ഷയോടെ ജനം; ഊര്‍ജവിലയില്‍ മുതല്‍ വാടകയില്‍ വരെ കൂടുതല്‍ ഇളവുകള്‍ ചര്‍ച്ചയില്‍

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: ഒക്ടോബര്‍ ആറിന് അവതരിപ്പിക്കുന്ന പുതിയ ബജറ്റിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ട്. ജീവിതച്ചെലവും ഊര്‍ജവിലയും ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് എന്ത് ആശ്വാസം ലഭിക്കുമെന്നതാണ് പ്രധാന ചര്‍ച്ച. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍, വാടകക്കാര്‍, പെന്‍ഷന്‍കാര്‍, ഭിന്നശേഷിക്കാര്‍, പരിചരണം നല്‍കുന്നവര്‍ എന്നിവരെ ബാധിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഹീറ്റിങ് ഓയിൽ ചെലവില്‍ ആശ്വാസം?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള എണ്ണവില വര്‍ധന ഹീറ്റിങ് ഓയിൽ ഉപയോഗിക്കുന്ന കുടുംബങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ എണ്ണയ്ക്കുള്ള ഭാവിയിലെ കാര്‍ബണ്‍ നികുതി വര്‍ധന ഒഴിവാക്കുന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്ന ഒരു വഴി. അങ്ങനെ വന്നാല്‍ 1,000 ലിറ്ററിന് അടുത്ത വര്‍ഷത്തോടെ ഏകദേശം 40 യൂറോയുടെ അധികഭാരം ഒഴിവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോളിനും ഡീസലിനും നല്‍കിയ താല്‍ക്കാലിക നികുതിയിളവ് നവംബര്‍ മുതല്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനായിരുന്നു തീരുമാനം. പമ്പുകളില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കല്‍ വീണ്ടും നീട്ടുന്നതും പരിഗണനയിലാണ്. അതേസമയം, എല്ലാ വീടുകള്‍ക്കും നേരിട്ട് വൈദ്യുതി ബില്‍ ക്രെഡിറ്റ് നല്‍കുന്ന പദ്ധതി തിരിച്ചുകൊണ്ടുവരുമെന്ന സൂചനയൊന്നുമില്ല.

ഇന്ധന അലവന്‍സ് കൂടുതല്‍ വീടുകളിലേക്ക്

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന പ്രതിവാര ഇന്ധന അലവന്‍സ് 38 യൂറോയില്‍നിന്ന് 43 യൂറോയാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ആനുകൂല്യത്തിന് അര്‍ഹരാകുന്നവരുടെ പരിധി വിപുലീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. വര്‍ധനയും അര്‍ഹതയിലെ മാറ്റവും നടപ്പായാല്‍ ശീതകാല ചെലവില്‍ ബുദ്ധിമുട്ടുന്ന കൂടുതല്‍ വീടുകള്‍ക്ക് സഹായം ലഭിക്കും.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുള്ള അലവന്‍സില്‍ മാറ്റമുണ്ടാകുമോ എന്നതും ബജറ്റ് ചര്‍ച്ചയുടെ ഭാഗമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ തുകയോ തീരുമാനമോ ഇതുവരെ പുറത്തുവന്നിട്ടില്ല.

വരുമാനനികുതിയിലും കുറഞ്ഞ വേതനത്തിലും മാറ്റം

വര്‍ഷവരുമാനത്തില്‍ 40 ശതമാനം നികുതി ബാധകമാകുന്ന പരിധി നിലവിലെ 44,000 യൂറോയില്‍നിന്ന് 46,000 യൂറോയിലേക്ക് ഉയര്‍ത്താനിടയുണ്ട്. വ്യക്തിഗത നികുതി ക്രെഡിറ്റുകളിലും മാറ്റം വന്നാല്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ആശ്വാസമാകും. വേതനവര്‍ധന ലഭിക്കുമ്പോള്‍ വരുമാനത്തിന്റെ കൂടുതല്‍ ഭാഗം ഉയര്‍ന്ന നികുതി നിരക്കിലേക്ക് കടക്കുന്നത് തടയുകയാണ് പരിധി ഉയര്‍ത്തുന്നതിന്റെ ലക്ഷ്യം.

മണിക്കൂറിലെ കുറഞ്ഞ വേതനം 14.15 യൂറോയില്‍നിന്ന് 14.94 യൂറോയാക്കാന്‍ ലോ പേ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളുടെ ചെലവ് ഉയരുമെന്ന തൊഴിലുടമകളുടെ എതിര്‍പ്പ് കൂടി പരിഗണിച്ച് സര്‍ക്കാര്‍ കുറഞ്ഞ വര്‍ധന തിരഞ്ഞെടുക്കുമോ എന്ന് വ്യക്തമല്ല. കുറഞ്ഞ വേതനക്കാര്‍ ഉയര്‍ന്ന നിരക്കിലുള്ള യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജിലേക്ക് കടക്കാതിരിക്കാന്‍ അതിന്റെ വരുമാനപരിധിയും ക്രമീകരിച്ചേക്കും.

കുട്ടികളുടെ പരിചരണച്ചെലവ് കുറയ്ക്കാന്‍ കൂടുതല്‍ സഹായം

കുട്ടികളെ ക്രെഷുകളിലും മറ്റ് അംഗീകൃത കേന്ദ്രങ്ങളിലും ഏല്‍പ്പിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണ്. ദേശീയ ശിശുപരിചരണ പദ്ധതിയിലൂടെയുള്ള സബ്സിഡി ഉയര്‍ന്നാല്‍ കുടുംബങ്ങള്‍ നേരിട്ട് നല്‍കേണ്ട ഫീസ് കുറയാം. വര്‍ധന എത്രയെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

സ്വന്തം വീട്ടില്‍ കുട്ടികളെ പരിചരിക്കുന്ന സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് നികുതിയില്ലാതെ നേടാവുന്ന വാര്‍ഷിക വരുമാനപരിധി 15,000 യൂറോയില്‍നിന്ന് 20,000 യൂറോയാക്കാനും സാധ്യതയുണ്ട്. കൂടുതല്‍ പേരെ ഔദ്യോഗിക പരിചരണ സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ.

വാടകക്കാര്‍ക്ക് കൂടുതല്‍ നികുതി ഇളവ്

വാടക നല്‍കുന്ന ഒരാള്‍ക്ക് നിലവില്‍ ലഭിക്കുന്ന പരമാവധി വാര്‍ഷിക നികുതി ക്രെഡിറ്റ് 1,000 യൂറോയാണ്; ഒരുമിച്ച് നികുതി അടയ്ക്കുന്ന ദമ്പതികള്‍ക്ക് 2,000 യൂറോയും. ക്രെഡിറ്റ് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ തുക തീരുമാനിച്ചിട്ടില്ല. 200 മുതല്‍ 300 യൂറോ വരെ വര്‍ധനവാണ് ചര്‍ച്ചയില്‍ കേള്‍ക്കുന്നത്.

വീട്ടിലെ ഒരു മുറി വാടകയ്ക്ക് നല്‍കി നികുതിയില്ലാതെ നേടാവുന്ന വരുമാനത്തിന്റെ പരിധിയിലും മാറ്റം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ മുറികള്‍ വാടകവിപണിയില്‍ എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കെയറേഴ്സിനും മറ്റ് ക്ഷേമാനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രതീക്ഷ

കെയറേഴ്സ് അലവന്‍സിനുള്ള വരുമാനപരിശോധന ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. പൂര്‍ണമായി ഒഴിവാക്കുന്നത് ഈ ബജറ്റില്‍ നടക്കുമെന്നുറപ്പില്ലെങ്കിലും, അലവന്‍സ് ലഭിക്കുമ്പോള്‍ അനുവദിക്കുന്ന മറ്റ് വരുമാനത്തിന്റെ പരിധി വീണ്ടും ഉയര്‍ത്തിയേക്കും.

പെന്‍ഷന്‍, ഭിന്നശേഷി അലവന്‍സ്, കെയറേഴ്സ് അലവന്‍സ്, തൊഴിലന്വേഷകര്‍ക്കുള്ള സഹായം, ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുന്നവര്‍ക്കുള്ള പേയ്മെന്റ് എന്നിവയുടെ പ്രതിവാര അടിസ്ഥാന നിരക്കില്‍ വര്‍ധന പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തെ 10 യൂറോ വര്‍ധനയ്ക്കു പകരം ഇത്തവണ ഏകദേശം 7.50 യൂറോ എന്ന തുകയാണ് ചര്‍ച്ചയില്‍.

ഭിന്നശേഷിയുള്ളവര്‍ക്കായി പുതിയ വാര്‍ഷിക സഹായം

നിലവിലുള്ള ആനുകൂല്യങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനു പുറമേ, ഭിന്നശേഷിയുമായി ബന്ധപ്പെട്ട അധിക ജീവിതച്ചെലവ് നേരിടാന്‍ പ്രത്യേക വാര്‍ഷിക പേയ്മെന്റ് കൊണ്ടുവരുമെന്ന സൂചനയും ഉണ്ട്. ഇത് ആരെല്ലാം ലഭിക്കും, വരുമാനപരിശോധന ഉണ്ടാകുമോ, തുക എത്രയായിരിക്കും തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പാരമ്പര്യസ്വത്ത് നികുതിയിലും കൗമാരക്കാര്‍ക്കും പുതിയ നിര്‍ദേശങ്ങള്‍

പാരമ്പര്യമായി ലഭിക്കുന്ന സ്വത്തിന് ബാധകമായ നികുതിയില്‍ ചെറിയ ഇളവ് നല്‍കുന്നതും ബജറ്റ് ചര്‍ച്ചയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇളവ് ലഭിക്കുന്ന പരിധികളില്‍ മാറ്റമുണ്ടാകുമോ എന്നതിലാണ് ശ്രദ്ധ.

പതിനാറുകാരെ കലാ, സാംസ്‌കാരിക പരിപാടികളിലേക്ക് ആകര്‍ഷിക്കാന്‍ ഏകദേശം 100 യൂറോയുടെ ‘കള്‍ച്ചര്‍ കാര്‍ഡ്’ നല്‍കുന്ന നിര്‍ദേശവും പരിഗണനയിലാണ്. സിനിമ, നാടകം, സംഗീത പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതിയായാണ് ഇത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതും ബജറ്റില്‍ ഇടംപിടിക്കുമോ എന്ന് ഉറപ്പായിട്ടില്ല.

നിക്ഷേപ അക്കൗണ്ടിന്റെ രൂപം വ്യക്തമാകുമോ?

സാധാരണക്കാര്‍ക്ക് ഓഹരികളും ബോണ്ടുകളും പോലുള്ള ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കാന്‍ പുതിയ വ്യക്തിഗത അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ ബജറ്റില്‍ വന്നേക്കും. നിശ്ചിത പരിധിവരെ അക്കൗണ്ടിലെ ആസ്തിക്ക് വാര്‍ഷിക നികുതി ഇല്ലാതെയും അതിനു മുകളിലുള്ള മൂല്യത്തിന് ഒരു ശതമാനം വാര്‍ഷിക നികുതി ബാധകമാക്കിയും പദ്ധതി രൂപപ്പെടുത്തുന്നതാണ് ചര്‍ച്ചയില്‍.

എന്നാല്‍, നികുതിയില്ലാത്ത പരിധി, വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക, ആരംഭ തീയതി എന്നിവ പ്രഖ്യാപിക്കാനുണ്ട്. നിക്ഷേപത്തിന്റെ മൂല്യം ഉയരുകയും താഴുകയും ചെയ്യാമെന്നതിനാല്‍ ഇതിനെ ഉറപ്പുള്ള ആദായം നല്‍കുന്ന സേവിങ്സ് അക്കൗണ്ടായി കാണാനാവില്ല.

സൗരോര്‍ജത്തിനും വീടുകള്‍ക്കും പിന്തുണ

വീടുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ ബാറ്ററികള്‍ക്ക് ഏകദേശം 600 യൂറോയുടെ ഗ്രാന്റ് നല്‍കുമെന്ന സൂചനയുണ്ട്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സമയത്തല്ലാത്തപ്പോഴും സൗരോര്‍ജം ഉപയോഗിക്കാന്‍ ബാറ്ററി സഹായിക്കും. എന്നാല്‍, ബാറ്ററി സ്ഥാപിക്കാന്‍ ആയിരക്കണക്കിന് യൂറോ ചെലവാകുമെന്നതിനാല്‍ ഗ്രാന്റിന്റെ അന്തിമ തുകയും അര്‍ഹതാനിബന്ധനകളും കുടുംബങ്ങള്‍ക്ക് പ്രധാനമാണ്.

ഇത്രയേറെ നിര്‍ദേശങ്ങൾ ചര്‍ച്ചയിലുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ഒറ്റ ആനുകൂല്യമാണ് ബജറ്റില്‍ വരുന്നതെന്ന സൂചനയില്ല. വരുമാനവും കുടുംബസാഹചര്യവും അനുസരിച്ച് നികുതി ഇളവ്, വാടക സഹായം, ശിശുപരിചരണ സബ്സിഡി, ക്ഷേമപേയ്മെന്റ് എന്നിവയില്‍ ഏതാകും ലഭിക്കുക എന്നതാണ് ഒക്ടോബര്‍ ആറിലെ പ്രഖ്യാപനത്തില്‍ വ്യക്തമാകേണ്ടത്.

Get more updates from Pudukad News on Google