"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡബ്ലിനില്‍ ‘മാര്‍ച്ച് ഫോര്‍ ജീസസ്’ റാലി, വിശ്വാസികളുടെ മഹാസംഗമം

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: പ്രാര്‍ഥനയും ഗാനങ്ങളും മുഴക്കി ഭക്തസാന്ദ്രമായ അന്തരീക്ഷമുറുക്കി ഡബ്ലിന്‍ നഗരവീഥികളില്‍ നടത്തപ്പെട്ട ‘മാര്‍ച്ച് ഫോര്‍ ജീസസ്’ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യം. പാര്‍ണല്‍ സ്‌ക്വയറില്‍നിന്ന് മെറിയന്‍ സ്‌ക്വയറിലേക്ക് നീങ്ങിയ റാലിക്കുശേഷം സംഗീതവും സമൂഹപ്രാര്‍ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഭാംഗങ്ങളുടെ പങ്കാളിത്തം ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രകടനമാണെന്ന് സംഘാടകര്‍ പറഞ്ഞു.

പതിവായി നിരവധി മഹാറാലികള്‍ നടത്തപ്പെടുന്ന നഗരത്തിന് പുതുമയുള്ള അനുഭവമായി ഇന്നലത്തെ റാലി ശ്രദ്ധേയമായി. ഏത് ചെറിയ ക്രൈസ്തവ വിരുദ്ധ പ്രകടനവും ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ ഐറിഷ് മാധ്യമങ്ങളൊന്നും കാല്‍ ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത ജീസസ് റാലി വര്‍ത്തയാക്കിയില്ല.

വിശുദ്ധ പാട്രിക്കിന്റെ കാലത്തോളം നീളുന്ന ഐറിഷ് ക്രൈസ്തവ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു നഗരമധ്യത്തിലൂടെയുള്ള വിശ്വാസികളുടെ യാത്ര. തലമുറകളായി അയര്‍ലണ്ടിന്റെ ജീവിതത്തിലും സംസ്‌കാരത്തിലും ഇടംപിടിച്ച പ്രാര്‍ഥനയും വിശ്വാസവും പൊതുവേദിയില്‍ പങ്കുവയ്ക്കാനുള്ള അവസരമായാണ് പലരും റാലിയെ കണ്ടത്.

വിവിധ ക്രൈസ്തവ സഭകളിലുള്ളവര്‍ ഒരുമിച്ച് പങ്കെടുത്തതും റാലിയുടെ ശ്രദ്ധേയമായ വശമായി. സഭാപാരമ്പര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രിസ്തുവിലുള്ള പൊതുവിശ്വാസത്തില്‍ ഒന്നിച്ചുനില്‍ക്കുകയെന്ന എക്കുമെനിക്കല്‍ സന്ദേശമാണ് പരിപാടിയിലൂടെ ഉയര്‍ന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കുടുംബങ്ങളും യുവജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ റാലിയുടെ ഭാഗമായി.

മെറിയന്‍ സ്‌ക്വയറിലെ സംഗീതത്തിനും പ്രാര്‍ഥനയ്ക്കുമൊപ്പം ഐറിഷ് ക്രൈസ്തവ സമൂഹത്തിന്റെ ഇന്നത്തെ രൂപവും പ്രകടമായി. പഴക്കമേറിയ പ്രാദേശിക സഭാപാരമ്പര്യങ്ങളോടൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ വിശ്വാസികളും അയര്‍ലണ്ടിലെ സഭാജീവിതത്തിന്റെ ഭാഗമാണ്. അവരെല്ലാം ഒരേ നഗരവീഥിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ ‘മാര്‍ച്ച് ഫോര്‍ ജീസസ്’ വിശ്വാസാഘോഷത്തിനൊപ്പം സഭകള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ വേദിയുമായി.

Get more updates from Pudukad News on Google