തിഹാർ ജയിലിൽ കിടന്ന് പി.എച്ച്.ഡി പഠനം പൂർത്തിയാക്കാൻ പെൻഡ്രൈവിലുള്ള ഗവേഷണ സാമഗ്രികൾ കമ്പ്യൂട്ടറിലൂടെ പരിശോധിക്കാൻ അനുമതി തേടി ഷർജീൽ ഇളാം: ഹർജിയിൽ തിഹാർ ജയിൽ അധികൃതരുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി; പഠന സാമഗ്രികൾ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചതോടെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

Current: മലയാളം

ഡല്‍ഹി: ജയിലില്‍ കിടന്ന് പി.എച്ച്.ഡി പഠനം പൂര്‍ത്തിയാക്കാന്‍ പെന്‍ഡ്രൈവിലുള്ള ഗവേഷണ വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇളാം സമര്‍പ്പിച്ച ഹര്‍ജിയില്‍ തിഹാര്‍ ജയില്‍ അധികൃതരുടെ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി.
ജസ്റ്റിസ് സഞ്ജീവ് നരുള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുകയും കേസില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ രണ്ടിലേക്ക് മാറ്റി.
അറസ്റ്റിലാകുമ്പോള്‍ താന്‍ പി.എച്ച്.ഡി അവസാന വര്‍ഷത്തിലായിരുന്നുവെന്നും തന്റെ റിസര്‍ച്ച് സിനോപ്‌സിസിന് യു.ജി.സിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അഡ്വ. അഹമ്മദ് ഇബ്രാഹിം മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഷര്‍ജീല്‍ ചൂണ്ടിക്കാട്ടി.
ലേഖനങ്ങള്‍, പുസ്തകങ്ങള്‍, ചരിത്രരേഖകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയടങ്ങുന്ന 2,132 ഫയലുകള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത കമ്പ്യൂട്ടറില്‍ പെന്‍ഡ്രൈവ് വഴി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
വിചാരണക്കോടതിയില്‍ പോലും ഈ ആവശ്യത്തെ പോലീസ് എതിര്‍ത്തിട്ടില്ലെന്നും ജയില്‍ അധികൃതരാണ് തടസ്സം ഉന്നയിച്ചതെന്നും ഡല്‍ഹി പോലീസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഷര്‍ജീല്‍ ഇളാം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വിവരങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയാല്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പഠന സാമഗ്രികള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കുന്നതില്‍ തടസ്സമില്ലെന്നും പോലീസ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 2020 ജനുവരി 28-നാണ് ഷര്‍ജീല്‍ അറസ്റ്റിലാകുന്നത്.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കടുത്ത നിയമങ്ങള്‍ ചുമത്തുകയായിരുന്നു. അതേസമയം, ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബര്‍ 4 മുതല്‍ 10 വരെ ഷര്‍ജീലിന് ഡല്‍ഹി കോടതി കഴിഞ്ഞ ആഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.




