‘അണ്ണാ’ എന്ന് വിളിച്ചതിൽ സന്തോഷം; ഇനി ‘സർ’ എന്ന് വിളിക്കരുത്: ഫഹദിനെക്കുറിച്ച് സൂര്യ | Suriya praises Fahadh Faasil

Current: മലയാളം

നടൻ ഫഹദ് ഫാസിലുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് തമിഴ് താരം സൂര്യ. ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് ഫഹദുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയശൈലിയെക്കുറിച്ചും സൂര്യ വാചാലനായത്. ഫഹദ് തന്നെ ‘അണ്ണാ’ എന്ന് വിളിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് സൂര്യ പറഞ്ഞു. “അങ്ങനെ അണ്ണാ എന്ന് വിളിച്ചിട്ട് പിന്നീട് സർ എന്ന് വിളിക്കരുത്. ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സംസാരിച്ചിരുന്ന നിരവധി ഓർമകളുണ്ട്. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പരസ്പരം സംസാരിച്ചിട്ടുണ്ട്,” എന്നാണ് സൂര്യ പറഞ്ഞത്. (Suriya praises Fahadh Faasil)
കരിയറിന്റെ തുടക്കത്തിൽ ഇരുവരും ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നും അതിൽനിന്ന് ഒരുമിച്ച് മുന്നോട്ടുവന്ന അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഇത്രയും തുറന്ന മനസ്സോടെ അനുഭവങ്ങൾ പങ്കുവച്ച ഫഹദിന് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദിന്റെ സമീപനത്തെയും സൂര്യ പ്രശംസിച്ചു. ഒരു സിനിമ ചെയ്യുമ്പോൾ സ്വന്തം ഇമേജിനെ ബാധിക്കുമോ, പ്രേക്ഷകർ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങൾ പലരും കണക്കുകൂട്ടാറുണ്ട്. എന്നാൽ ഫഹദ് പ്രധാനമായും കഥയും കഥാപാത്രവുമാണ് പരിഗണിക്കുന്നതെന്നും സൂര്യ പറഞ്ഞു.
“നമ്മൾ ഒരു കഥാപാത്രമായി മാറാൻ ശ്രമിക്കുമ്പോൾ ഫഹദ് ആ കഥാപാത്രമായി തന്നെ ജീവിക്കുകയാണ് ചെയ്യുന്നത്. എല്ലാ ഭാഷകളിലും അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്. നടനെന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവെന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്,” സൂര്യ പറഞ്ഞു. ഫഹദിന്റെ സിനിമകളോടുള്ള തന്റെ ഇഷ്ടം സ്‌ക്രീനിലെ പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹത്തിന്റെ സിനിമയോടുള്ള സമീപനവും ഏറെ ഇഷ്ടമാണെന്നും സൂര്യ വ്യക്തമാക്കി. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചുള്ള സൂര്യയുടെ വാക്കുകൾ ഇപ്പോൾ സിനിമാ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
Summary: Suriya praised Fahadh Faasil’s acting style, film choices and approach to cinema at the pre-release event of Don’t Trouble the Trouble. He also spoke warmly about their friendship and said he was happy that Fahadh calls him “Anna”.




