എട്ട് ചിത്രങ്ങൾക്ക് പ്രർശനാനുമതി ലഭിക്കാത്തത് ദൗർഭാഗ്യകരം: മന്ത്രി പിസി വിഷ്ണുനാഥ്

Current: മലയാളം

തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും 8 സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്.
ഇക്കാര്യത്തിൽ സർക്കാർ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമർപ്പിക്കപ്പെട്ട 1800 ഓളം ചിത്രങ്ങളിൽ നിന്ന് മേളയിൽ പ്രർശിപ്പിക്കാനായി തെരഞ്ഞെടുത്ത 347 ചിത്രങ്ങളാണ് സെൻസർഷിപ്പ് സർട്ടിഫിക്കേഷൻ ഇളവിനായി അയച്ചത്.
ഇതിൽ 31 എണ്ണത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. തുടർന്ന് സർക്കാർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനൊപ്പം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപരമായ ഇടപെടലും നടത്തി. ഇതേ തുടർന്ന് 24 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചു.
എന്നാൽ 8 സിനിമകൾക്ക് അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഹൈക്കോടതി കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ കേന്ദ്ര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. പ്രദർശനാനുമതിക്കായി ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.
ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ സിനിമകൾ തിരസ്കരിക്കാനോ സെൻസർഷിപ്പ് ഇളവ് നൽകാനോ കേന്ദ്ര മന്ത്രാലയം തയ്യാറായിട്ടില്ല.
ജൂറിയെങ്കിലും ചിത്രങ്ങൾ കാണാനുള്ള അനുവാദം നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല. പ്രദർശനാനുമതിക്കായുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ഈ ചിത്രങ്ങൾക്ക് ഇന്ന് (29.09.2026) പ്രദർശനാനുമതി ലഭിച്ചാൽ മേള കഴിയും മുൻപ് തന്നെ അവ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി തയ്യാറാണ്-മന്ത്രി പറഞ്ഞു.
ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാതിരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഐഎഫ്എഫ്കെയിലും ഏഴ് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കും: മന്ത്രി പിസി വിഷ്ണുനാഥ്
കേരളത്തിന്റെ കലയും സംസ്കാരവും ചരിത്രവുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ തയ്യാറാകും. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലും ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പിന് കീഴിലുള്ള എല്ലാ അക്കാദമികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും അവയുടെയെല്ലാം പ്രവർത്തനങ്ങളെ സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യക്തികൾക്ക് വേണ്ടി സ്ഥാപനങ്ങൾ എന്നതല്ല, സ്ഥാപനങ്ങൾ വിഭാവനം ചെയ്തകാലത്തെ ഉദ്ദേശ്യം നിറവേറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഹൈസിന്ത് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർപെഴ്സൺ രവീന്ദ്രൻ, കേരള സാഹിത്യ അക്കാദമി ചെയർപെഴ്സൺ കൽപ്പറ്റ നാരായണൻ, കേരള സംഗീത നാടക അക്കാദമി ചെയർപെഴ്സൺ ജി.വേണുഗോപാൽ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപെഴ്സൺ പ്രേംകുമാർ, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപെഴ്സൺ എം.രഞ്ജിത്ത്, ഫോക് ലോർ അക്കാദമി ചെയർപെഴ്സൻ സുരേഷ്ബാബു എളയാവൂർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി എം. അഞ്ജന, ഡയറകർ കെ ഇമ്പശേഖർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവിധ അക്കാദമി, കോർപ്പറേഷൻ സഹഅധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവരും സന്നിഹിതരായിരുന്നു.




