പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണം; വീടുകളിലെത്തി പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി | Kerala infectious diseases

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു (Kerala infectious diseases). ചില പ്രദേശങ്ങളിൽ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും താഴെത്തട്ടിലുള്ള ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലെത്തി നേരിട്ട് ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്കും പഞ്ഞി ഉൾപ്പെടെയുള്ള ശസ്ത്രക്രിയാ സാമഗ്രികൾക്കും തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി നിർദ്ദേശിച്ചു. അതേസമയം, ജില്ലകളിലും ആശുപത്രികളിലും നിലവിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എൽ. സംഭരണകേന്ദ്രങ്ങളിലാണ് സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ അറിയിച്ചു.
മരുന്ന് വിതരണം വേഗത്തിലാക്കുന്നതിനായി മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തരമായി ബോർഡ് യോഗം ചേർന്ന് ആവശ്യമായ പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാനുള്ള സാധ്യതകളും പരിശോധിക്കണം.
മോർച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങളുടെ സ്ഥിതി ഓരോ ജില്ലയിലെയും മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം കേരള മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ഐ.എസ്.എം ഇൻചാർജ് ഡയറക്ടർ, ഹോമിയോ ഡയറക്ടർ, വിവിധ ജില്ലകളിലെ ഡി.എം.ഒമാർ, ഡി.പി.എംമാർ, കെ.എം.എസ്.സി.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Story Summary:
Kerala Health Minister K. Muraleedharan directed officials to strengthen field-level infectious disease prevention activities, including house-to-house visits, sanitation and chlorination. Hospitals have also been asked to ensure adequate stocks of essential medicines and surgical supplies, while urgent measures were ordered to speed up procurement and distribution.




