അടിപൊളി ഓഫറുകളുമായി ലിഡില്‍ അയര്‍ലണ്ട്, മൊബൈല്‍ വിപണിയിലേയ്ക്ക്…ലിഡില്‍ കണക്ട് ഒക്ടോബര്‍ അഞ്ച് മുതല്‍

Current: മലയാളം

ഡബ്ലിന്‍: സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡില്‍ അയര്‍ലണ്ടിന്റെ മൊബൈല്‍ വിപണിയിലേയ്ക്ക് ഇറങ്ങുന്നു.1,00,000 ഉപഭോക്താക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ഒരുമാസം 9 യൂറോ നിരക്കില്‍ സര്‍വ്വീസ് വാഗ്ദാനം ചെയ്താണ് കമ്പനിയുടെ രംഗപ്രവേശം.ഒക്ടോബര്‍ 5 മുതല്‍ ലിഡില്‍ കണക്ട് ലഭ്യമായിത്തുടങ്ങും.
ആഗോള ടെലികോം ഓപ്പറേറ്ററായ ഐ ഗ്ലോബലും അയര്‍ലണ്ടിലെ ഏര്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചാണ് മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ -എംവിനോ കമ്പനിയുടെ ലിഡില്‍ കണക്ട് പുതിയ രംഗത്തേക്ക് കടന്നുവരുന്നത്.
ഡിസംബര്‍ 31 വരെയുള്ള ആദ്യത്തെ 1,00,000 ഉപഭോക്താക്കള്‍ക്ക് ജീവിതകാലം മുഴുവനും 8.99 എന്ന പ്രത്യേക നിരക്കില്‍ ഈ സേവനം ലഭ്യമാകുമെന്ന് ലിഡില്‍ അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാവുന്ന പ്രതിമാസ പ്ലാനാണിത്.
ഒരു ലിഡില്‍ പ്ലസ് അക്കൗണ്ടിന് 8.99 എന്ന ഈ ഓഫര്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. അധിക സിം കാര്‍ഡുകള്‍ക്ക് പ്രതിമാസം 12.99 യൂറോയാണ് നിരക്ക് .ഒരു അക്കൗണ്ടില്‍ പരമാവധി മൂന്ന് അധിക കാര്‍ഡുകള്‍ വരെ അനുവദിക്കും.
‘പൊളപ്പന്‍ ഓഫറുകള്‍’
അയര്‍ലണ്ട്,യു കെ നെറ്റ്വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത കോളുകളും ടെസ്റ്റ് സന്ദേശങ്ങളും ലിഡില്‍ കണക്ട് നല്‍കും. അയര്‍ലണ്ടില്‍ പരിധിയില്ലാത്ത 5ജി ഡാറ്റ, കൂടാതെ യൂറോപ്യന്‍ യൂണിയനിലും യു കെയിലും 50ജിബി റോമിംഗ് ഡാറ്റയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് 100 മിനിറ്റ് അന്താരാഷ്ട്ര കോളുകളും ലഭ്യമാകും.?ഈ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളുടെ പേര് വിവരം കമ്പനി അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും.
ലിഡില്‍ പ്ലസ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. വെര്‍ച്വല്‍ ഇ-സിം തിരഞ്ഞെടുക്കുകയോ സ്റ്റോറുകളില്‍ നിന്ന് 99 സെന്റിന് സിം കാര്‍ഡ് വാങ്ങുകയോ ചെയ്യാം.
കൂടുതല്‍ ഉത്പ്പന്നങ്ങള്‍
ലിഡില്‍ പ്ലസ് ലോയല്‍റ്റി ആപ്പിലേക്ക് മറ്റൊരു സേവനം കൂടി ലിഡില്‍ കണക്ട് ഡിസൈന്‍ ചെയ്യുന്നുണ്ട്. പാര്‍സല്‍ ലോക്കറുകള്‍, കാര്‍-വാന്‍ ഷെയറിംഗ് സര്‍വ്വീസ് , ഡെപ്പോസിറ്റ് റിട്ടേണ്‍ മെഷീന്‍സ് തുടങ്ങിയ സര്‍വ്വീസുകള്‍ ഉള്‍പ്പെടുത്തി ലിഡില്‍ പ്ലസ് സംവിധാനത്തെ വിപുലമായൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി വളര്‍ത്താനാണ് ലിഡിലിന്റെ തീരുമാനം.
ലിഡില്‍ കണക്ടിന്റെ ആദ്യ വിപണി അയര്‍ലണ്ടായതില്‍ അഭിമാനമുണ്ടെന്നും ലിഡില്‍ അയര്‍ലന്‍ഡ് ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് റോബര്‍ട്ട് റയാന്‍ വ്യക്തമാക്കി.
ലളിതവും ഫ്ളക്സിബിളും യഥാര്‍ത്ഥ മൂല്യം നല്‍കുന്നതുമായ സര്‍വ്വീസുകളാണ് ഉപഭോക്താക്കള്‍ കൂടുതലായി ആഗ്രഹിക്കുന്നതെന്നറിയാം, ഈ കാഴ്ചപ്പാടോടെയാണ് ലിഡില്‍ കണക്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റോറുകളില്‍ നിന്ന് നേരിട്ട് സിം കാര്‍ഡ് വാങ്ങാനാകും.വീട്ടിലിരുന്ന് തന്നെ ഇ-സിം വഴി ഡിജിറ്റലായും കണക്റ്റ് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം- റോബര്‍ട്ട് റയാന്‍ അറിയിച്ചു




