പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരനായ ബുദ്ഗാമിൽ ലഷ്കർ ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം | Lashkar-e-Taiba terrorist Musa

Current: മലയാളം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന ഭീകരൻ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടയാളെ മൂസ എന്ന പേരിൽ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു (Lashkar-e-Taiba terrorist Musa). പഹൽഗാം ഭീകരാക്രമണവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യൂസ്മാർഗിലെ കൊറാഗ് മേഖലയിലെ ഭീകര സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തിയത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വെടിവയ്പുണ്ടാകുകയും ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയുമായിരുന്നു. ഓപ്പറേഷൻ കൊറാഗ് എന്ന പേരിലായിരുന്നു സംയുക്ത നടപടി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, കൊല്ലപ്പെട്ട മൂസ ജമ്മു കശ്മീരിൽ നിരവധി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാസേനയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയാണ്. നേരത്തെ സെപ്റ്റംബർ അഞ്ചിന് യൂസ്മാർഗിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്ന് ഇയാളുടെ അടുത്ത സഹായി യാസിർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയായിരുന്നു. പിന്നീട് പാലമൈദാൻ മേഖലയിൽ നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്തിയതെന്നും ആയുധങ്ങളടക്കമുള്ള യുദ്ധസാമഗ്രികൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
പഹൽഗാം ആക്രമണത്തിലെ പ്രതികളുമായി മൂസയ്ക്കുള്ള ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ ഏജൻസികൾ ഔദ്യോഗികമായി പുറത്തുവിടാനുണ്ട്. അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരരിൽ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Summary: A senior Lashkar-e-Taiba terrorist identified by security officials as Musa was killed in an encounter in Jammu and Kashmir’s Budgam district. Reports have linked him to the Pahalgam terror attack and several other attacks in the region.




