"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പകര്‍ച്ചവ്യാധി പ്രതിരോധം ഫീൽഡ്തല പ്രവർത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടിൽ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം : മന്ത്രി കെ.മുരളീധരന്‍

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു.
മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം.
 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
 
ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സര്‍ജിക്കല്‍ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് നിലവിൽ സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ വിശദീകരിച്ചു.
മരുന്ന് വിതരണം വേഗത്തിലാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തരമായി ബോര്‍ഡ് യോഗം ചേരുകയും ആവശ്യമായ പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും കര്‍ശന നിര്‍ദേശം നല്‍കി.
ആവശ്യമെങ്കില്‍ തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും നിർദ്ദേശം നൽകി.
 
മോർച്ചറി,സീലിംഗ്,ലിഫ്റ്റ്, വെന്റിലേറ്റർ എന്നിവയുടെ സ്ഥിതി ഓരോ ജില്ലയിലും മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകാനും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ സെക്രട്ടറി , എന്‍.എച്ച്.എം കേരളം മിഷൻ ഡയറക്ടര്‍ , ആരോഗ്യവകുപ്പ് ഡയറക്ടര്‍ , മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, ഐ.എസ്.എം ഇന്‍ചാര്‍ജ് ഡയറക്ടര്‍, ഹോമിയോ ഡയറക്ടര്‍, വിവിധ ജില്ലകളിലെ ഡി.എം.ഒമാര്‍, ഡി.പി.എമ്മുമാർ, കെ.എം.എസ്.സി.എല്‍ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Get more updates from Pudukad News on Google