ചിയാന്‍ വിക്രം-ധ്രുവ് വിക്രം ചിത്രം ‘മഹാന് 2’ ഒരുങ്ങുന്നു; ഒടിടി റിലീസിന് പകരം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്

Current: മലയാളം

ചിയാന്‍ വിക്രമിനെയും ധ്രുവ് വിക്രമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘മഹാന്’ രണ്ടാം ഭാഗവുമായി തിരികെയെത്തുന്നു.
ആദ്യ ഭാഗം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ചെയ്തതെങ്കില്‍, രണ്ടാം ഭാഗം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ ഭാഗവും തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ എന്‍ട്രി സീന്‍ ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ക്കൊപ്പം കാണാനായിരുന്നു തങ്ങള്‍ പദ്ധതിയിട്ടതെന്നും, എന്നാല്‍ സാഹചര്യങ്ങള്‍ കാരണം ചിത്രം ഒടിടി റിലീസ് ചെയ്യേണ്ടി വരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അതുകൊണ്ടുതന്നെ ‘മഹാന് 2’ തിയേറ്ററുകളില്‍ വലിയൊരു ദൃശ്യാനുഭവമായി എത്തിക്കുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരിയില്‍ ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മഹാന്’. ഗാന്ധി മഹാന് എന്ന കഥാപാത്രമായി വിക്രമും അദ്ദേഹത്തിന്റെ മകനായ ദാദയായി ധ്രുവ് വിക്രമും തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സിമ്രാന്, ബോബി സിംഹ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ഓടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.




