‘സ്വാതന്ത്ര്യം പണയം വയ്ക്കില്ല, ആവശ്യമുള്ളപ്പോൾ സംസാരിക്കും’; സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ | Kalpetta Narayanan Kerala Sahitya Akademi

Current: മലയാളം

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ള ഘട്ടങ്ങളിൽ അഭിപ്രായം തുറന്നുപറയുമെന്നും അക്കാദമി പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് തന്റെ രാഷ്ട്രീയ നിലപാടുകളെ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു (Kalpetta Narayanan Kerala Sahitya Akademi). സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നുപോകുകയാണെന്ന ധാരണ തനിക്കില്ലെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. പുതിയ തലമുറയിൽ ഭാവുകത്വം വളർത്തിയെടുക്കുകയാണ് സാഹിത്യ അക്കാദമിയുടെ പ്രധാന ചുമതലകളിലൊന്ന്. എഴുത്തുകാരുടെ രാഷ്ട്രീയ നിലപാടുകൾ പരിഗണിക്കാതെ അവരുടെ എഴുത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് അക്കാദമി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും മാറ്റിനിർത്താതെ അക്കാദമിയെ കൂടുതൽ ഇൻക്ലൂസീവ് സ്ഥാപനമാക്കുമെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. അക്കാദമിയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ പിന്തുണയോടെ സാമ്പത്തിക പരിമിതികൾ മറികടന്ന് സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്കാദമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും കൽപ്പറ്റ നാരായണൻ വ്യക്തമാക്കി.
Summary: Writer Kalpetta Narayanan said he would not compromise his independence after taking charge as Kerala Sahitya Akademi chairman. He said the academy would remain inclusive, support new-generation writers and expand literary activities beyond Thrissur.




