"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പ്രതീക്ഷിച്ച മാർക്കിൽ വലിയ വ്യത്യാസം’; നീറ്റ് പി.ജി മൂല്യനിർണ്ണയത്തിൽ വ്യാപക പരാതി, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡോക്ടർമാർ | NEET PG evaluation controversy

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

 NEET PG 2026

ദില്ലി: നീറ്റ് പി.ജി പരീക്ഷയുടെ ഫലത്തിലും മൂല്യനിർണ്ണയ രീതിയിലും വ്യാപക പരാതിയുമായി വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനകളും. പ്രതീക്ഷിച്ച മാർക്കും ലഭിച്ച മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് നിരവധി പരീക്ഷാർഥികളുടെ പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണ്ണയ നടപടികളും സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. (NEET PG evaluation controversy)

ഈ മാസം 24നാണ് നീറ്റ് പി.ജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. ഏകദേശം രണ്ടരലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ തങ്ങളുടെ ഉത്തരങ്ങൾ അടിസ്ഥാനമാക്കി ഏകദേശ സ്കോർ കണക്കാക്കാറുണ്ട്. സാധാരണയായി ഔദ്യോഗിക ഫലവുമായി ചെറിയ വ്യത്യാസമാണ് ഉണ്ടാകാറുള്ളതെന്നും എന്നാൽ ഇത്തവണ ചില വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച സ്കോറും ലഭിച്ച സ്കോറും തമ്മിൽ 100 മാർക്കോളം വ്യത്യാസമുണ്ടെന്നാണ് പരാതിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആയിരത്തിലധികം പേർ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിദ്യാർഥികളുടെ സംഘടനകളുടെ വാദം. 180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഓരോ ചോദ്യത്തിനും നാല് മാർക്കാണ്. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് നെഗറ്റീവായും കണക്കാക്കും. പരീക്ഷയുടെ നടത്തിപ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് (NBEMS) ചുമതല. ഔദ്യോഗിക ഉത്തരസൂചികയും ചോദ്യപേപ്പറും പരീക്ഷാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങളും പുറത്തുവിടാത്തതിലും പരാതിയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കണമെന്നും ഓരോ വിദ്യാർഥിക്കും സ്വന്തം ഉത്തരങ്ങൾ പരിശോധിച്ച് മാർക്ക് കണക്കാക്കാനുള്ള അവസരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരസൂചിക പുറത്തുവിടാത്തത് മൂല്യനിർണ്ണയത്തിലെ പിഴവുകൾ മറച്ചുവയ്ക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഒക്ടോബർ ഒന്ന് മുതലോ അതിന് ശേഷമോ ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർഥികൾക്ക് സ്വന്തം ഉത്തരങ്ങളും മാർക്കും പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കാൻ NBEMS ആലോചിക്കുന്നതായാണ് റിപ്പോർട്ട്. നീറ്റ് യു.ജി പരീക്ഷയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് പി.ജി ഫലത്തിലും സമാനമായ പരാതികൾ ഉയരുന്നത്.

Summary: NEET PG candidates have raised complaints over a significant difference between their expected and declared scores. Doctors’ organisations and students are seeking greater transparency in the evaluation process and are planning to approach the Supreme Court.

Get more updates from Pudukad News on Google