ഒക്ടോബർ മുതൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിർണായക മാറ്റങ്ങൾ

Current: മലയാളം

വാഷിങ്ടൻ ഡി.സി: കുടുംബ-തൊഴിൽ അടിസ്ഥാനമാക്കിയുള്ള നിർണായക മാറ്റങ്ങളുമായാണ് ഗ്രീൻ കാർഡ് അപേക്ഷകരെ സംബന്ധിച്ച് ഒക്ടോബർ മാസത്തെ വീസ ബുള്ളറ്റിൻ പുറത്തുവന്നിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ഒക്ടോബർ ഒന്നിന് ആരംഭിക്കുന്നതിനാൽ, വാർഷിക കുടിയേറ്റ വീസകളുടെ എണ്ണം ഈ മാസത്തിൽ പുനഃക്രമീകരിക്കപ്പെടുന്നു.
സെപ്റ്റംബറിൽ ലഭ്യമല്ലാതിരുന്ന നിരവധി വിഭാഗങ്ങൾ ഒക്ടോബറിൽ വീണ്ടും തുറന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പരിധികൾ കവിഞ്ഞതിനെ തുടർന്ന് സെപ്റ്റംബറിൽ തടസ്സപ്പെട്ടിരുന്ന ഇന്ത്യക്കാരുടെ ഇബി-2, ഇബി-5 ഉൾപ്പെടെയുള്ള പല വിഭാഗങ്ങളും വീണ്ടും ലഭ്യമായി.
തൊഴിൽ വിഭാഗത്തിൽ ചൈനയുടെ ഫയലിലെ തീയതികളിലും (ഡെയ്റ്റ്സ് ഫോർ ഫിലിങ്) ശ്രദ്ധേയമായ പുരോഗതിയുണ്ടായി. ചൈനയുടെ ഇബി-3 പ്രഫഷനൽ വിഭാഗം 2024 ഏപ്രിൽ ഒന്ന് വരെ മുന്നോട്ട് നീങ്ങിയിട്ടുണ്ട്.
അതേസമയം, പല രാജ്യങ്ങൾക്കുമുള്ള ഇബി-2, ഇബി-3 ഫൈനൽ ആക്ഷൻ തീയതികൾ പിന്നോട്ട് പോയിട്ടുണ്ട്. ഇത് അന്തിമ അനുമതിക്കായി കാത്തിരിക്കുന്ന അപേക്ഷകരുടെ നടപടികൾ വൈകിപ്പിച്ചേക്കാം. സ്ഥിര താമസക്കാരുടെ പങ്കാളികൾക്കും മക്കൾക്കുമുള്ള എഫ്2എ വിഭാഗത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അപേക്ഷകർ തങ്ങളുടെ പ്രയോറിറ്റി തീയതിയും അതത് രാജ്യത്തിന്റെയും വിഭാഗത്തിന്റെയും കട്ട്-ഓഫ് തീയതിയും താരതമ്യം ചെയ്ത് പരിശോധിക്കേണ്ടതാണ്. പ്രയോറിറ്റി തീയതി പ്രസിദ്ധീകരിച്ച കട്ട്-ഓഫ് തീയതിയേക്കാൾ മുൻപുള്ളതായിരിക്കണം. യുഎസിനുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർ ഫോം I-485 സമർപ്പിക്കുന്നതിന് മുമ്പ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസിന്റെ ഒക്ടോബർ മാസത്തെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ‘ ഡേറ്റ് ഫോർ ഫിലിങ് പ്രകാരം അപേക്ഷിക്കാൻ കഴിയുന്നത് ഗ്രീൻ കാർഡ് ഉടൻ ലഭിക്കുമെന്ന് അർഥമാക്കുന്നില്ല.
ഒക്ടോബറിലെ മാറ്റങ്ങൾ പ്രത്യേകിച്ച് ഇന്ത്യൻ ഇബി-2, ഇബി-5, ഇബി-1 അപേക്ഷകർക്ക് ശ്രദ്ധേയമാണ്. അതേസമയം, ചില വിഭാഗങ്ങളിലെ തീയതികൾ പിന്നോട്ട് പോയത് വീസ ലഭ്യത നിയന്ത്രിക്കപ്പെടുന്നതിന്റെ സൂചനയാണ്. പുതിയ ഡിമാൻഡ് കണക്കുകൾ ലഭിക്കുന്നതനുസരിച്ച് വരും മാസങ്ങളിൽ കട്ട്-ഓഫ് തീയതികളിൽ വീണ്ടും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.




