"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ഇതു കേരളമാണ്. ഇവിടെ ചില നടപടിക്രമങ്ങളുണ്ട്. അതു കിട്ടാതെ ഒരു ബില്ലും പാസാവില്ല‘ – മലേഷ്യൻ കമ്പനി പതിബെല്ലിന്റെ ഉന്നതന്റെ ആത്മഹത്യാക്കുറിപ്പിലെ ഈ വാചകം ഗ്യാനേഷ് കുമാറിന് കുരുക്കാവുമോ ? എംസി റോഡ് പുനർനിർമ്മിച്ചതിൽ കോടികളുടെ നഷ്ടമുണ്ടായതിലും ഉന്നതൻ ജീവനൊടുക്കിയതിലും പുനരന്വേഷണത്തിന് സാദ്ധ്യത തേടി ആഭ്യന്തര വകുപ്പ്. ഗ്യാനേഷിനെതിരേ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒറ്റ ഫയലും വിജിലൻസിലില്ല. ഗ്യാനേഷിന് കുരുക്കായി കേരളത്തിലെ ആ പഴയ അന്വേഷണം

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ മരാമത്ത് സെക്രട്ടറിയായിരിക്കെ, അദ്ദേഹത്തിനെതിരേ സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ആരാണെന്ന് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നു. 

ഗ്യാനേഷിനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും ഇതു സംബന്ധിച്ച ഒരു അന്വേഷണവും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും വിജിലൻസിലുമില്ല. ഉപേന്ദ്രവർമ്മയായിരുന്നു അന്ന് വിജിലൻസ് ഡയറക്ടർ.


കെ.എസ്.ടി.പി പദ്ധതിപ്രകാരം എം.സി റോഡ് പുനർനിർമ്മിച്ച പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയെത്തുടർന്നാണ് അന്ന് മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷിനെതിരേ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. 


ഐ.എ.എസ് എന്ന സ്വാധീനമുപയോഗിച്ച് ഗ്യാനേഷ് വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപെട്ടെന്നാണ് നിഗമനം. പരാതികൾ ഉണ്ടായിരുന്നെങ്കിലും ക്രൈംബ്രാഞ്ചിലും ഇതുസംബന്ധിച്ച അന്വേഷണം നടന്നില്ല. ഇതിന്റെ ഫയലുകൾ ആഭ്യന്തര വകുപ്പ് തേടിയിരിക്കുകയാണ്. 

ഗ്യാനേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ രാജ്യമാകെ വൻ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് കേരളത്തിലെ പഴയ അന്വേഷണം സർക്കാർ പൊടിതട്ടിയെടുക്കുന്നത്. 

തുടരന്വേഷണത്തിനുള്ള സാധ്യതകൾ പരിശോധിക്കാനുള്ള സർക്കാരിന്റെ നീക്കം സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയേക്കാം, കാരണം ഈ സംഭവം നടക്കുമ്പോൾ സി.പി.എം ആയിരുന്നു ഭരണത്തിൽ.  


എംസി റോഡിലെ 127 കി.മീ. നിർമിക്കാനുള്ള 215 കോടി രൂപയുടെ കരാറാണു കൺസോർഷ്യം ഏറ്റെടുത്തിരുന്നത്. ‘പതി’ എന്ന മലേഷ്യൻ കമ്പനിയും ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡ് എന്ന കേരളത്തിലെ കമ്പനിയും ചേർന്നായിരുന്നു കൺസോർഷ്യം. 


ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കിയതായി ലീ സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇതു സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. 

പുനരന്വേഷണത്തിനു സർക്കാർ തീരുമാനിച്ചാൽ ഗ്യാനേഷും അതിന്റെ പരിധിയിൽ വരും. എം.സി റോഡിലെ 127 കി.മീ. നിർമ്മിക്കാനുള്ള 215 കോടി രൂപയുടെ കരാറാണു കൺസോർഷ്യം ഏറ്റെടുത്തിരുന്നത്.

2005 ഡിസംബറിൽ പൂർത്തിയാക്കേണ്ട പദ്ധതി ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ നീണ്ടു. 2006മേയിലും പൂർത്തിയാവാത്തതിനാൽ 17കോടിയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു. 


12.5 കോടി രൂപയാണു കരാറുകാർ വിവിധ ഏജൻസികൾക്കു നൽകാനുണ്ടായിരുന്നത്. പണം കിട്ടാതായതോടെ ലീ മാനസിക സമ്മർദ്ദത്തിലായി. കമ്പനിയോട് സർക്കാർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. 


മലേഷ്യയിലെ സുബാംഗ് റിയ പാർക്കിലെ തടാകത്തിനു സമീപം ഇരുമ്പുപാലത്തിൽ തൂങ്ങിമരിച്ച നിലയിൽ ലീസീ ബീനിനെ കണ്ടെത്തുകയായിരുന്നു. കമ്പനി മേധാവിക്കും കുടുംബത്തിനുമെഴുതിയ കുറിപ്പുകളിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് ലീ സൂചിപ്പിച്ചിരുന്നു. 

ആരോപണത്തെതുടർന്ന് ഗ്യാനേഷിനെ മരാമത്തിൽ നിന്നൊഴിവാക്കിയിരുന്നു. 2016ൽ ഗ്യാനേഷ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. 2025 ഫെബ്രുവരി 19ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി. 

പുനരന്വേഷണത്തിനു സർക്കാർ തീരുമാനമെടുത്താല്‍ ഗ്യാനേഷ് ഉൾപ്പെടെ അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തും.

യഥാസമയം ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തിനു തങ്ങൾ നഷ്‌ടപരിഹാരം നൽകില്ല എന്നതായിരുന്നു കമ്പനിയുടെ നിലപാട്. 

ഇതോടെ സർക്കാരിനും കമ്പനി മേധാവികൾക്കുമിടയിൽ ലീ കടുത്ത മാനസിക സമ്മർദത്തിലായി. പിന്നീട് സ്വന്തം സ്ഥലമായ ക്വാലലംപൂരിലേക്ക് മടങ്ങി. 


കമ്പനി മേധാവി റോസ് ലീക്ക് എഴുതിയ കുറിപ്പിനൊപ്പം ലീ സീ ബീൻ ഭാര്യയ്‌ക്കും മക്കൾക്കും മാത്രമായി മറ്റൊരു കുറിപ്പും എഴുതിയിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും ലീ സൂചിപ്പിച്ചിരുന്നു. 


‘ഇതു കേരളമാണ്. ഇവിടെ ചില നടപടിക്രമങ്ങളുണ്ട്. അതു കിട്ടാതെ ഒരു ബില്ലും പാസാകില്ലെ’ന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ലീയോട് പറഞ്ഞതായി അന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. കമ്പനിയിലെ ഉദ്യോഗസ്ഥരോടാണ് ലീ ഇക്കാര്യം പറഞ്ഞത്.

2006ൽ വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഗ്യാനേഷ് കുമാർ‍ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നു. അഴിമതി ആരോപണത്തെത്തുടർന്ന് സ്ഥാനത്തുനിന്നു മാറ്റി. വിജിലൻസ് അന്വേഷണം നടന്നു. 

2007ൽ സർക്കാർ 35 കോടി രൂപ കമ്പനിക്ക് നഷ്ടപരിഹാരം നൽകി. എംസി റോഡ് പദ്ധതിക്ക് കോടികൾ അധികമായി ചെലവായി. ഇതിനെക്കുറിച്ചെല്ലാം വിശദമായ പുനരന്വേഷണത്തിനാണ് വഴിതെളിയുന്നത്.

Get more updates from Pudukad News on Google