സഹപൈലറ്റിന്റെ വധശ്രമത്തിനിരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ അബുദാബി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു: പരിക്കിന്റെ അസ്വസ്ഥതകൾക്കിടയിലും പുഞ്ചിരിയോടെയും പ്രസന്നതയോടെയും സംസാരിക്കുന്ന ക്യാപ്റ്റനെ നേരിൽ കണ്ട് വിവരങ്ങൾ തിരക്കി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ; 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പോരാടിയ നായകനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും

Current: മലയാളം

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റ് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അബുദാബിയിലെ ആശുപത്രിയില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ അറിയിച്ചു.
സ്മിത് മച്ചാറിനെയും കുടുംബത്തെയും ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിക്കിന്റെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ക്യാപ്റ്റന്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും, പ്രസന്നവദനനായി സംസാരിക്കുന്നുണ്ടെന്നും മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 30-ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന FZ1073 ബോയിംഗ് വിമാനത്തില്‍ വെച്ചാണ് സഹപൈലറ്റ് സ്മിതിന് നേരെ വധശ്രമം നടത്തിയത്.
സംഭവത്തിന് ശേഷം സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലേക്ക് മാറ്റിയത്.
വിദേശകാര്യ മന്ത്രാലയവും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും സ്മിതിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണ്.
ഗുരുതരമായി പരിക്കേറ്റിട്ടും വന്‍ വിമാന ദുരന്തം ഒഴിവാക്കാന്‍ ജീവന് പണയം വെച്ച് ധീരത കാണിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരും വിദേശകാര്യ മന്ത്രാലയവും അഭിനന്ദിച്ചു. സ്മിതിന്റെ അസാമാന്യ ധീരതയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ നിന്ന് പ്രശംസ പ്രവാഹമാണ് ലഭിക്കുന്നത്.




