റാഗിപ്പൊടി കൊണ്ട് തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഉത്തർപ്രദേശിലെ ബല്ലിയയിൽ 49 പേർ ചികിത്സയിൽ. മൂന്ന് സ്ത്രീകളുടെ നില ഗുരുതരം. ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു

Current: മലയാളം

ലക്നൗ : ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ റാഗിപ്പൊടിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. 49 പേർ ചികിത്സയിൽ. വെള്ളിയാഴ്ച നടന്ന ‘ജിതിയ’ വ്രതാനുഷ്ഠാനത്തിന് മുന്നോടിയായി റാഗിപ്പൊടി കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവസ്തുക്കൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
10 കുട്ടികളും 12 പുരുഷന്മാരും 37 സ്ത്രീകളും ചികിത്സയിലുണ്ട്. ബൻസ്‌ദിഹ് റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഛാത ഗ്രാമത്തിലാണ് സംഭവം. ഉത്സവത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് റാഗി കൊണ്ട് പലഹാരങ്ങളുണ്ടാക്കിയത്.
43 പേരെ ജില്ലാ ആശുപത്രിയിലും മൂന്ന് പേരെ ബാൻസ്ദിഹ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണ്.
ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ ഇൻഫർമേഷൻ വകുപ്പ് പ്രസ്താവനയിൽ പറയുന്നു. ബൻസ്‌ദിഹ് തഹസിൽ മേഖലയിലെ ചോക്കാൻ, ചാറ്റ (ആസ്ചൗര) ഗ്രാമങ്ങളിൽ നിന്നുള്ളവർക്കാണ് വിഷബാധയേറ്റത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാവിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ പരിശോധിക്കുകയാണ്. അസുഖബാധിതർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.




