ഓരോ ഫയലും ഓരോ ജീവിതമെന്ന് തള്ളിയ പിണറായിയുടെ ഭരണത്തിന്റെ ബാക്കിപത്രമായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് എട്ട് ലക്ഷം ഫയലുകൾ. തീർപ്പാക്കാൻ പ്രത്യേക യജ്ഞവുമായി സതീശൻ സർക്കാർ. സെക്രട്ടേറിയറ്റിൽ പ്രതിമാസം എത്തുന്നത് രണ്ടര ലക്ഷത്തിലേറെ ഫയലുകൾ. സമയബന്ധിതമായി തീർപ്പാക്കാൻ ചീഫ്സെക്രട്ടറിക്ക് മേൽനോട്ട ചുമതല. എല്ലാ വകുപ്പിലും ധന ഉപദേഷ്ടാവും വരും. ഫയൽതീർപ്പാക്കൽ ഒരുമുഴം മുന്നേ തുടങ്ങി മന്ത്രി റോജി ജോൺ. ശനിയാഴ്ചകളിലെ സർവീസ് ക്ലിനിക്ക് കൈയടി നേടുന്നു

Current: മലയാളം

തിരുവനന്തപുരം: ഭരണം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കാനുള്ള ഫയൽ തീർപ്പാക്കൽ യജ്ഞം വീണ്ടും നടപ്പാക്കാൻ തീരുമാനിച്ച് സതീശൻ സർക്കാർ. പുതിയ സർക്കാർ വന്ന് നാല് മാസം കഴിഞ്ഞിട്ടും ഫയലുകൾ നീങ്ങുന്നില്ലെന്നത് ഗുരുതര പ്രശ്നമായി മാറുമെന്ന തിരിച്ചറിവിലാണിത്.
സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തിലേറെ ഫയലുകളാണ്. പുതിയ സർക്കാർ വന്നതിന്റെ ആലസ്യത്തിൽ ജീവനക്കാരും ഫയൽ തീർപ്പാക്കുന്നതിൽ അൽപ്പം ഉഴപ്പിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വകുപ്പുകളിലും ഫയൽക്കൂന അനക്കാൻ പ്രത്യേക പരിപാടി ഉടൻ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പിന്നാലെ ഭരണമാറ്റവുമുണ്ടായതോടെ സർക്കാർ ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുകയാണ്. ഒരു മാസം രണ്ടരലക്ഷത്തോളം ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രമെത്തുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ റോജി എം.ജോൺ സ്വമേധയാ ഫയൽ തീർപ്പാക്കൽ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ശനിയാഴ്ചകളിൽ മന്ത്രി നേരിട്ട് സർവ്വീസ് ക്ലിനിക്കെന്ന പേരിൽ തുടങ്ങിയ പരിപാടി ശ്രദ്ധ നേടി.
സമാനമായ രീതിയിൽ മറ്റ് വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ പരിപാടി നടത്താനാണ് തീരുമാനം.ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ ഫയൽ തീർപ്പാക്കൽ യജ്ഞം നടപ്പാക്കിയെങ്കിലും, ഓരോ തവണയും കെട്ടിക്കിടക്കുന്ന ഫയലുകളിൽ 53% മാത്രമാണ് തീർപ്പാക്കാൻ കഴിഞ്ഞത്.

സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളും ഔദ്യോഗിക ഫയലുകളും പരിശോധിച്ച് വേഗത്തിൽ തീരുമാനമെടുത്ത് തീർപ്പാക്കുന്ന പരിപാടി ഉടൻ പ്രഖ്യാപിക്കും.
പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നുള്ള അപേക്ഷകളുടെ മറുപടിയും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കുകയും ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കുകയും വർഷങ്ങളായി തീരുമാനമാകാതെ കിടക്കുന്ന പഴയ ഫയലുകളിൽ അന്തിമ തീരുമാനമെടുക്കുകയുമാണ് ലക്ഷ്യം.
കെട്ടിക്കിടക്കുന്ന ഫയലുകൾ കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഫയൽ തീർപ്പാക്കൽ ഡ്രൈവുകളും ‘ഫയൽ അദാലത്തുകളും’ സംഘടിപ്പിക്കും. വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ ശതമാനം നിശ്ചിത സമയങ്ങളിൽ അവലോകനം ചെയ്യുകയും, പുരോഗതി കുറഞ്ഞ വകുപ്പുകൾക്ക് വേഗത്തിൽ നടപടി പൂർത്തിയാക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ചീഫ്സെക്രട്ടറിയും സെക്രട്ടറിമാരും വിലയിരുത്തും. ഉദ്യോഗസ്ഥതലത്തിലെ മേൽനോട്ടചുമതല ചീഫ് സെക്രട്ടറിക്കാണ്.
ഓരോ മാസവും പുരോഗതി റിപ്പോർട്ട് മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കണം. രണ്ടാഴ്ചയിലൊരിക്കൽ മന്ത്രിമാർ ഫയൽതീർപ്പാക്കൽ വിലയിരുത്തണം. ഫയൽ അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രിമാരുടെ ഓഫീസുകൾ ഉറപ്പാക്കണം. കൃത്യമായ നിരീക്ഷണവുമുണ്ടാവണം.
ഫയൽ നീക്കത്തിന്റെ വേഗം കൂട്ടാൻ , എല്ലാ ഫയലുകളും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
1974ൽ കേന്ദ്രം നടപ്പാക്കിയ മാതൃകയിൽ, ഓരോ വകുപ്പിലും ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ ധന ഉപദേഷ്ടാവാക്കും. ഏതൊക്കെ ഫയലുകൾ ധനവകുപ്പിന്റെ അനുമതിക്കായി അയയ്ക്കണമെന്നതിൽ ധന ഉപദേഷ്ടാവ് തീരുമാനമെടുക്കും. മറ്റുള്ളവയിൽ അതത് വകുപ്പുകൾക്ക് തീരുമാനമെടുക്കാം. ഇത് നടപ്പാക്കുന്നതോടെ ധന വകുപ്പിലെത്തുന്ന ഫയലുകളുടെ എണ്ണം കുറയും.
ധനപരമായ പെരുമാറ്റച്ചട്ടമറിയാതെ ആവശ്യമില്ലാത്ത ധാരാളം ഫയലുകൾ ധന വകുപ്പിലെത്തുന്നു. മിക്കതും തിരിച്ചയയ്ക്കുന്നു. ഇത് ഫയൽ നീക്കം വൈകിപ്പിക്കും. നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും ധനബാദ്ധ്യതയുള്ളതുമായ ഫയലുകളാവും ഇനി ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കുക. ധനവകുപ്പിന്റെ അധികാരം വികേന്ദ്രീകരിച്ച് മറ്റു വകുപ്പുകൾക്ക് നൽകാനാണ് തീരുമാനം.




