തിരുവല്ലയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക് | Thiruvalla refrigerator explosion

Current: മലയാളം

പത്തനംതിട്ട: തിരുവല്ലയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് വൻ നാശനഷ്ടം (Thiruvalla refrigerator explosio). നിരണത്ത് ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ മറ്റൊരു വീട്ടിലേക്ക് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. ശക്തമായ സ്ഫോടനശബ്ദം കേട്ടതോടെ സമീപവാസികൾ സ്ഥലത്തെത്തി. മകനും നാട്ടുകാരും ചേർന്ന് തീ അടുക്കള ഭാഗത്തേക്ക് പടരാതിരിക്കാൻ ശ്രമിച്ചു.
അടുക്കളയിലേക്ക് തീ പടർന്നിരുന്നെങ്കിൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവയിലേക്ക് തീപിടിച്ച് സ്ഥിതി കൂടുതൽ ഗുരുതരമാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ വീടിന്റെ രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചു. മേൽക്കൂരയ്ക്കും വീട്ടിലെ വിവിധ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
അടുക്കള ഭാഗം പൂർണമായും തകർന്നതോടെ വീട് നിലവിൽ താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണം സംബന്ധിച്ച് പരിശോധനകൾ തുടരുകയാണ്.
Story Summary:
A refrigerator explosion caused extensive damage to a house in Thiruvalla, Pathanamthitta. No one was injured in the incident, while two rooms were completely damaged and the kitchen section of the house became uninhabitable.




