മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ | Kottayam Medical College woman death

Current: മലയാളം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി മരിച്ചു (Kottayam Medical College woman death). ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) ആണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്.
ഹെർണിയയെ തുടർന്ന് സെപ്റ്റംബർ 18-നാണ് ഫസീനയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് പനിയുണ്ടായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
പിന്നീട് വീട്ടിലേക്ക് മടങ്ങിയ ഫസീനയുടെ ആരോഗ്യനില വീണ്ടും വഷളായതോടെ സെപ്റ്റംബർ 27-ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കൾ പറയുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില ഗുരുതരമാവുകയും വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു.
മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതി ലഭിച്ചാൽ ആവശ്യമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Short Summary:
A 49-year-old woman from Changanassery died while undergoing treatment at Kottayam Medical College Hospital. Her relatives have alleged medical negligence and filed a complaint with the Gandhinagar police. The police said the exact cause of death will be established after the post-mortem report.




