മേയർ പദവി ലഭിക്കാത്തതിലെ അതൃപ്തിയോ? ബിജെപി നേതൃത്വവുമായി അകന്ന് ആർ. ശ്രീലേഖ ;കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ ഭരണ പ്രതിസന്ധി | R. Sreelekha resignation

Current: മലയാളം

തിരുവനന്തപുരം: ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണത്തിന് ഭൂരിപക്ഷ പ്രതിസന്ധി (R. Sreelekha resignation). പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശ്രീലേഖ രാജിക്കത്ത് നല്‍കിയത്. ഇതോടെ ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് നേരത്തെ 50 കൗണ്‍സിലര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിലെത്തിയത്. എല്‍ഡിഎഫിന് 29 സീറ്റുകളും യുഡിഎഫിന് 20 സീറ്റുകളുമാണുള്ളത്. ശേഷിക്കുന്ന സീറ്റുകളില്‍ ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആയി. സ്വതന്ത്രന്റെ പിന്തുണ കൂടി ലഭിച്ചാലും അംഗബലം 50ല്‍ മാത്രമാകും.
ശ്രീലേഖ പ്രതിനിധീകരിച്ച ശാസ്തമംഗലം വാര്‍ഡ് ഒഴിവായാല്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ ഭരണത്തിന് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രതിപക്ഷത്തിനും കോര്‍പറേഷനിലെ അംഗബലം തെളിയിക്കാനുള്ള അവസരമാകും ഇത്.
ഇതിനിടെ മറ്റൊരു ബിജെപി കൗണ്‍സിലറായ ആര്‍. സുഗതന്‍ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്നതും ഭരണത്തിന് വെല്ലുവിളിയാണ്. ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തതോടെ നേരത്തെയുണ്ടായിരുന്ന ഒരു പ്രതിസന്ധി ഒഴിവായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തില്‍ സുഗതന് വോട്ട് ചെയ്യാന്‍ കഴിയാത്തത് ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബിജെപിക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ശ്രീലേഖയുടെ രാജിക്ക് പിന്നില്‍ മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുന്‍ ഡിജിപിയായ ശ്രീലേഖ വിരമിച്ച ശേഷം ബിജെപിയില്‍ സജീവമായിരുന്നു. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ ശക്തമായിരുന്നു. എന്നാല്‍ വി.വി. രാജേഷിനെ മേയറാക്കാനുള്ള തീരുമാനം വന്നതോടെ ശ്രീലേഖ നേതൃത്വവുമായി അകന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീലേഖ മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് വിവരം.
അതേസമയം, വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ രാജിക്കത്ത് നല്‍കിയതെന്ന് മേയര്‍ വി.വി. രാജേഷ് പറഞ്ഞു. കത്തിലെ വിവരങ്ങള്‍ പരിഗണിച്ച് അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പാര്‍ട്ടികളുടെ സമ്മര്‍ദത്തിന്റെ ഭാഗമായല്ല രാജിയെന്നും പാര്‍ട്ടിയില്‍ ആര്‍ക്കും ഒരു പദവിയും വാഗ്ദാനം ചെയ്യാനാകില്ലെന്നും മേയര്‍ പ്രതികരിച്ചു.
അതേസമയം, ശ്രീലേഖയുടെ രാജിക്ക് നിലവില്‍ ഔദ്യോഗിക സാധുത ലഭിച്ചിട്ടില്ലെന്ന് കോര്‍പറേഷന്‍ സെക്രട്ടറി മുഹമ്മദ് ഷാഫി വ്യക്തമാക്കി. നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് കൗണ്‍സിലറുടെ രാജിക്കത്ത് നല്‍കേണ്ടത്. മേയര്‍ക്കോ ജില്ലാ കലക്ടര്‍ക്കോ നല്‍കുന്ന കത്ത് ഔദ്യോഗിക രാജിയായി കണക്കാക്കാനാകില്ലെന്നും സെക്രട്ടറിക്ക് ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജിക്കത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും തുടര്‍നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്താല്‍ മാത്രമേ ശാസ്തമംഗലം വാര്‍ഡിലെ ഒഴിവും അതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് നടപടികളും ആരംഭിക്കുകയുള്ളൂ.
Story Summary:
R. Sreelekha’s resignation as a councillor has created a majority crisis for the BJP-led administration in the Thiruvananthapuram Corporation. The BJP’s strength has fallen to 49 in the 101-member council, while the resignation itself has not yet received official validity as the resignation letter was reportedly not submitted to the Corporation Secretary as required by law.




