‘സത്യമാണ് നമ്മുടെ ഏറ്റവും വലിയ ആയുധം, അതിനെ അടിച്ചമർത്താൻ അനുവദിക്കില്ല’: രാജ്യത്തുടനീളമുള്ള ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി രാഹുൽ ഗാന്ധി; തുടക്കം കുറിച്ച് 9 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്ത് പതിനായിരത്തിലേറെ പ്രക്ഷോഭങ്ങൾ

Current: മലയാളം

ഡല്‍ഹി: രാജ്യത്തുടനീളം സത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും വ്യക്തമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘സത്യാഗ്രഹ’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുറത്തിറക്കി.
മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികത്തിന് തൊട്ടടുത്ത ദിവസം ആരംഭിച്ച ഈ പ്ലാറ്റ്ഫോമിലൂടെ, അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരുടെയും വിവിധ വിഭാഗങ്ങളുടെയും പ്രക്ഷോഭങ്ങളെ ഒറ്റ ഭൂപടത്തില്‍ അണിനിരത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
‘സത്യമാണ് നമ്മുടെ ഏറ്റവും വലിയ ആയുധമെന്ന് ബാപ്പു നമ്മെ പഠിപ്പിച്ചു, എന്നാല്‍ ആ സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നതാണ് അതിലും വലിയ ആയുധം’ എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ച് 9 മണിക്കൂറിനുള്ളില്‍ പതിനായിരത്തിലധികം ആളുകളും കൂട്ടായ്മകളും തങ്ങളുടെ പരാതികളും പ്രക്ഷോഭ വിവരങ്ങളും രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിവരെല്ലാം തങ്ങളുടെ അവകാശങ്ങള്‍ക്കായി ഒറ്റയ്ക്ക് പോരാടുകയാണെന്നും, ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എളുപ്പമാണെന്നതിനാലാണ് ഈ സത്യാഗ്രഹ സംരംഭമെന്നും രാഹുല്‍ വ്യക്തമാക്കി.
വിദ്യഭ്യാസം, അഴിമതി, സാമൂഹിക നീതി, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധങ്ങള്‍ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പാര്‍ലമെന്റിലും തെരുവുകളിലും കത്തുകള്‍ മുഖേനയും ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പ്രതിപക്ഷ നേതാവെന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഇത് ഒരു ദിവസത്തെ പ്രചാരണമല്ല, മറിച്ച് വര്‍ഷങ്ങളോളം തുടരുന്ന ജനകീയ പ്രസ്ഥാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമാധാനപരമായി പ്രതിഷേധിച്ച പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും രൂക്ഷവിമര്‍ശനം ഉന്നയിച്ചു.




