തർക്കങ്ങളും ചേരിപ്പോരും രൂക്ഷമായ പഞ്ചാബ് കോൺഗ്രസിന് ഇനി പുതിയ ക്യാപ്റ്റൻ: പ്രബല നേതാക്കളുടെ ഗ്രൂപ്പ് വഴക്കുകൾ ശമിപ്പിച്ച് പാർട്ടിയെ ഒന്നിപ്പിക്കാൻ പർഗത് സിംഗ് അധ്യക്ഷപദത്തിലേക്ക്; 2027 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് മുന്നോട്ട്

Current: മലയാളം

ചണ്ഡീഗഡ്: ആഭ്യന്തര തര്‍ക്കങ്ങളും ചേരിപ്പോരും രൂക്ഷമായ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി പര്‍ഗത് സിംഗ് ചുമതലയേല്‍ക്കുമ്പോള്‍, പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്തി 2027 നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയെന്ന കഠിനമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
മൂന്ന് തവണ ജലന്ധര്‍ കാന്റ് എം.എല്‍.എയും മുന്‍ കാബിനറ്റ് മന്ത്രിയും സംഘടന ജനറല്‍ സെക്രട്ടറിയുമായിരുന്ന പര്‍ഗതിന് താഴെത്തട്ടിലെ സംഘടനാ സംവിധാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.
പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്റെയും വക്താവല്ല എന്നതും നിഷ്പക്ഷമായ വ്യക്തിത്വവും ചരണ്‍ജിത് സിംഗ് ചന്നി, സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, പ്രതാപ് സിംഗ് ബജ്വ, അമരീന്ദര്‍ സിംഗ് രാജാ വോറിംഗ് തുടങ്ങി വിവിധ ചേരികളിലുള്ള മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എങ്കിലും, മുന്‍ അധ്യക്ഷന്‍ രാജാ വോറിംഗ് പുനഃസംഘടിപ്പിച്ച ജില്ലാ കമ്മിറ്റികളെയും പ്രാദേശിക നേതാക്കളെയും വലിയ അതൃപ്തിയുണ്ടാക്കാതെ സ്വന്തം നിയന്ത്രണത്തിലാക്കുക എന്നത് പര്‍ഗതിന് വലിയ വെല്ലുവിളിയാകും.
കൂടാതെ, തന്റെ സ്വാധീന മേഖലയായ ദൊവാബയ്ക്ക് പുറമെ 69 അസംബ്ലി മണ്ഡലങ്ങളുള്ള നിര്‍ണ്ണായകമായ മാള്‍വ മേഖലയിലും മാഝയിലും സ്വന്തം സ്വാധീനവും സംഘടനാ അടിത്തറയും വിപുലീകരിക്കേണ്ടതുണ്ട്.
മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ പര്‍ഗത് സിംഗിന് നേതാക്കളുടെ വ്യക്തിഗത രാഷ്ട്രീയ മോഹങ്ങളെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനാകുമോ എന്നതാണ് വരും ദിവസങ്ങളില്‍ പഞ്ചാബ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.




