റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.

Current: മലയാളം

കോട്ടയം: കർഷകർക്ക് ആഘാതമായി രാസവള വിലവർധനവ്. രാജ്യാന്തര വിപണിയിൽ വളം നിർമാണ സാമഗ്രികളുടെയും രാസവസ്തുക്കളുടെയും വിലക്കയറ്റമാണ് ഇപ്പോഴുള്ള വിലവർധനയ്ക്ക് പ്രധാന കാരണം.
റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്.
കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.
കേന്ദ്ര സർക്കാർ സബ്സിഡി വെട്ടിക്കുറച്ചതും തിരിച്ചടിയായി. ഇതോടെ പല വളം ഡിപ്പോകളിലും വിൽപ്പന നേർപകുതിയായി കുറഞ്ഞു. കൃഷിക്ക് അത്യാവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് തുടങ്ങിയവയുടെ വില വൻതോതിലാണ് വർധിച്ചത്. കുറച്ചു മാസങ്ങളായി വില കൂടിനിൽക്കുന്നതിനാൽ വളം വാങ്ങുന്നത് കർഷകർ വെട്ടിക്കുറച്ചിരുന്നു.
നിലവിൽ ഡി.എ.പി 1,350 രൂപ, ടി.എസ്.പി 1,300 രൂപ, എസ്.എസ്.പി 640 രൂപ, എം.ഒ.പി 2,200 രൂപ എന്നിങ്ങനെയാണ് വില. തുരിശിന്റെ വില 500 കടന്നു. ഈ വിലയിൽ വളപ്രയോഗം നടത്തിയാൽ കൃഷിയിൽനിന്ന് ലാഭമുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്.
പശ്ചിമേഷ്യയിലടക്കമുള്ള സംഘർഷങ്ങൾ, ഗതാഗതച്ചെലവിലെ വർധന എന്നിവയും വിലവർധനയ്ക്ക് കാരണമായി. ഇതിന്റെയെല്ലാം ആഘാതം താങ്ങേണ്ടത് കർഷകനാണ്. വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവുകൾ കുത്തനെ ഉയർന്നതോടെ കൃഷിയുടെ ഉൽപ്പാദനച്ചെലവ് താങ്ങാവുന്നതിനപ്പുറമായി. വിളകൾ വിറ്റഴിക്കുമ്പോൾ അതിന് ആനുപാതികമായ തുക ലഭിക്കുന്നുമില്ല.




