"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയര്‍ലണ്ടില്‍ പൊതുമേഖലാ ജീവനക്കാരെ കുറ്റപ്പെടുത്തി മന്ത്രി ജാക്ക് ചേംബേഴ്സ്, കൂടുതല്‍ യൂണിയനുകള്‍ പ്രക്ഷോഭത്തില്‍

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതുമേഖലാ ജീവനക്കാര്‍ ആരംഭിച്ച ചട്ടപ്പടി സമരം കൂടുതല്‍ ശക്തമാകുന്നു.ഐ എന്‍ ടി ഒ അടക്കം കൂടുതല്‍ യൂണിയനുകള്‍ ചട്ടപ്പടി സമരം(വര്‍ക്ക് ടൂ റൂള്‍) തുടങ്ങി.ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്ന ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാര്‍ ‘വര്‍ക്ക് ടു റൂള്‍’ സമരത്തിലാണ്. ആയിരക്കണക്കിന് അധ്യാപകര്‍ അംഗങ്ങളായ രാജ്യത്തെ ഏറ്റവും വലിയ സംഘടനയാണ് ഐ എന്‍ ടി ഒ.

ഒക്ടോബര്‍ 14 മുതല്‍ ഔദ്യോഗിക സമരം ആരംഭിക്കാനാണ് മിക്ക യൂണിയനുകളും തയാറെടുക്കുന്നത്.

അയര്‍ലണ്ടിലെ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സെക്കന്ററി ടീച്ചേഴ്സ് ഇന്‍ അയര്‍ലണ്ട്,ആരോഗ്യ-തദ്ദേശ ഭരണ മേഖലകളിലെ സിപ്ടു,ആരോഗ്യം, വിദ്യാഭ്യാസം, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫോര്‍സ, നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍,പോസ്റ്റ്-പ്രൈമറി, ഫര്‍ദര്‍, ഹയര്‍ എഡ്യൂക്കേഷന്‍ മേഖലകളിലെ 23,000ലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ടീച്ചേഴ്സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് (ടി യു ഐ) എന്നിവയൊക്കെ സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിച്ചു.

യൂണിയനുകളെ കുറ്റപ്പെടുത്തി മന്ത്രി ജാക്ക് ചേംബേഴ്സ്

അതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിന് ട്രേഡ് യൂണിയനുകളെ രൂക്ഷമായി കുറ്റപ്പെടുത്തി പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സ് രംഗത്തുവന്നു. അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് പകരം സമര നടപടികളിലേക്ക് നീങ്ങാനാണ് യൂണിയനുകളും പ്രതിനിധി സംഘടനകളും തീരുമാനിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

പുതിയ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂണിയനുകള്‍ തയ്യാറാകുന്നില്ല.പകരം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വലിയ തടസ്സങ്ങളുണ്ടാക്കുന്നത് വലിയ അനീതിയാണ്.പുതിയ കരാറിലെത്താനുള്ള സര്‍ക്കാരിന്റെ ആഗ്രഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും പൊതുമേഖലാ ജീവനക്കാര്‍ക്കായി പുതിയ വേതന കരാര്‍ നടപ്പിലാക്കാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ചേംബേഴ്സ് അറിയിച്ചു.

ചര്‍ച്ചയ്ക്ക് വഴി കാണുന്നില്ലെന്ന ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്റെ ആരോപണം നിരാശാജനകമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.ഇരുപക്ഷവും സന്നദ്ധമായാല്‍ പരസ്പരം സ്വീകാര്യമായ ഒരു കരാറില്‍ വേഗത്തിലെത്താനാകും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പണിമുടക്കാന്‍ സംഘടനകള്‍

അതേ സമയം, പൊതുമേഖലാ യൂണിയനുകളുമായി ആത്മാര്‍ത്ഥമായി ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 14-ന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിന് അനുകൂലമായി ബഹുഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തെന്ന് ടീച്ചേഴ്സ് യൂണിയന്‍ ഓഫ് അയര്‍ലണ്ടും (ടി യു ഐ) പ്രഖ്യാപിച്ചു.സംഘടനയിലെ 98.4 ശതമാനം പേരും സമരത്തെ പിന്തുണച്ചു.

പോസ്റ്റ്-പ്രൈമറി, ഫര്‍ദര്‍, ഹയര്‍ എഡ്യൂക്കേഷന്‍ മേഖലകളിലെ 23,000-ത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്നതാണ് ഈ യൂണിയന്‍. ഒക്ടോബര്‍ 12 മുതല്‍ സമരമാരംഭിക്കുമെന്നും യൂണിയന്‍ അറിയിച്ചു.ജോലി സമയത്തിന് പുറത്ത് ഇമെയിലുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കുന്നത് അംഗങ്ങള്‍ നിര്‍ത്തിവയ്ക്കും.

പുതിയ ശമ്പള കരാറിനെക്കുറിച്ച് യൂണിയനുകളുമായി ശരിയായ രീതിയില്‍ ചര്‍ച്ച നടത്തുന്നതില്‍ സര്‍ക്കാരിന്റെ പരാജയപ്പെട്ടതിന്റെ രോഷമാണ് സമരമെന്ന് ടി യു ഐ പ്രസിഡന്റ് ആന്റണി ക്വിന്‍ ആരോപിച്ചു.പൊതുമേഖലാ യൂണിയനുകള്‍ ഒറ്റക്കെട്ടാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മൈക്കല്‍ ഗില്ലെസ്പി ചൂണ്ടിക്കാട്ടി.പുതിയ കരാറിനെക്കുറിച്ച് അര്‍ത്ഥവത്തായ ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കാതെ സമരം തീരില്ലെന്ന് ഐ എന്‍ ടി ഒ

ശമ്പള പ്രശ്നം പരിഹരിക്കാതെ ഔദ്യോഗിക സ്‌കൂള്‍ സമയത്തിന് മുമ്പോ ശേഷമോ കുട്ടികളുടെ മേല്‍നോട്ടം വഹിക്കില്ലെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷനും (ഐ എന്‍ ടി ഒ) വ്യക്തമാക്കി.

പൊതുമേഖലാ യൂണിയനുകളുമായി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് മന്ത്രി ചേംബേഴ്സ് തയ്യാറായില്ലെങ്കില്‍ വര്‍ക്ക്-ടു-റൂള്‍ തുടരുമെന്നും ഒക്ടോബര്‍ 14-ന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്നും അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മെയ്‌റിന്‍ നി കെയ്ലെച്ചെയര്‍ വ്യക്തമാക്കി.

അയര്‍ലണ്ടിലെ ഏറ്റവും വലിയ അധ്യാപക യൂണിയനാണ് ഐ എന്‍ ടി ഒ. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ പ്രൈമറി തലത്തിലെ 50,000 അധ്യാപകരും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രൈമറി, പോസ്റ്റ്-പ്രൈമറി സ്‌കൂളുകളിലെ 7,000 അധ്യാപകരും ഈ സംഘടനയിലുണ്ട്.

ക്രോക്ക് പാര്‍ക്ക് മണിക്കൂറുകളില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക സ്‌കൂള്‍ സമയത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടം വഹിക്കില്ലെന്നും സംഘടന അറിയിച്ചു. ക്രോക്ക് പാര്‍ക്ക്,ഹാഡിംഗ്ടണ്‍ റോഡ് കരാറുകള്‍ എന്നിവയിലൂടെ ഏര്‍പ്പെടുത്തിയ അധിക ജോലിസമയമാണ് ക്രോക്ക് പാര്‍ക്ക് മണിക്കൂറുകള്‍ എന്നറിയപ്പെടുന്നത്.

സ്‌കൂള്‍ വളപ്പിലെ കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്‌കൂളിന്റെ മാനേജ്‌മെന്റ് ബോര്‍ഡിനാണെന്ന് നി കെയ്ലെച്ചെയര്‍ അറിയിച്ചു.പുതിയ ശമ്പള കരാറിനെക്കുറിച്ച് ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് അധ്യാപകര്‍ ആഗ്രഹിക്കുന്നത്.

ഐ എന്‍ ടി ഒ അംഗങ്ങളില്‍ 99.5 ശതമാനം പേരും പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരനടപടികളില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരാണെന്ന് അറിയിച്ചുവെന്നും നേതാക്കള്‍ വ്യക്തമാക്കി.സ്‌കൂള്‍ സമയത്തിന് ശേഷമുള്ള സ്റ്റാഫ് മീറ്റിംഗുകള്‍,ഔദ്യോഗിക രക്ഷാകര്‍തൃ-അധ്യാപക കൂടിക്കാഴ്ചകള്‍ എന്നിവയില്‍ നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കുമെന്ന് ഐ എന്‍ ടി ഒ വക്താവ് അറിയിച്ചു.

എ എസ് ടി ഐയും സമരത്തിനൊപ്പം

അയര്‍ലണ്ടിലെ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ സ്രംഘടനയായ അസോസിയേഷന്‍ ഓഫ് സെക്കന്ററി ടീച്ചേഴ്സ് ഇന്‍ അയര്‍ലണ്ടും(എ എസ് ടി ഐ) തിങ്കളാഴ്ച മുതല്‍ ചട്ടപ്പടി സമരം ആരംഭിക്കും.ഒക്ടോബര്‍ 14ന് നടക്കുന്ന പൊതുമേഖലാതല പണിമുടക്കില്‍ അംഗങ്ങള്‍ പങ്കെടുക്കും.എല്ലാ സെക്കന്ററി സ്‌കൂളുകള്‍ക്ക് മുന്നിലും പിക്കറ്റിംഗും നടത്തുമെന്നും സംഘടന വ്യക്തമാക്കി.

ഉറച്ച സമരത്തില്‍ ഫോര്‍സയും ഐ എന്‍ എം ഒയും

ആരോഗ്യം, വിദ്യാഭ്യാസം, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫോര്‍സയും ചട്ടപ്പടി സമരത്തിലാണ്. നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷനും വിവിധ സ്ഥലങ്ങളില്‍ വര്‍ക്ക് ടു റൂളിലാണ്.ജോലി സമയത്ത് രോഗികളുടെ സുരക്ഷിതമായ പരിചരണത്തിനാവശ്യമായ കാര്യങ്ങള്‍ മാത്രമേ നിര്‍വഹിക്കൂവെന്ന് സംഘടന അറിയിച്ചു.പ്രതിഫലം ലഭിക്കാത്ത അധിക സമയം ജോലി ചെയ്യുകയോ ചികിത്സയുമായി ബന്ധമില്ലാത്ത യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ല.

പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട മുന്‍ കരാര്‍ ജൂണ്‍ അവസാനത്തോടെ കാലാവധി അവസാനിച്ചു. ജീവനക്കാര്‍ക്ക് 9.25% ശമ്പള വര്‍ധനവും പ്രാദേശിക ചര്‍ച്ചകളിലൂടെ തീരുമാനിക്കാവുന്ന 1% അധിക തുകയും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു.എന്നാല്‍, പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

Get more updates from Pudukad News on Google