
മമ്മൂട്ടി നായകനായി 2001-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘രാക്ഷസരാജാവി’ന്റെ പിറവിയെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. വെറും നാല് ദിവസം കൊണ്ടാണ് ഈ സിനിമയുടെ കഥ രൂപപ്പെട്ടതെന്നും മമ്മൂട്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ചിത്രം സംഭവിച്ചതെന്നും വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ദാദാസാഹിബി’ന് ശേഷം മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു രാക്ഷസരാജാവ്. ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയുടെ ജോലികൾക്കിടയിലാണ് പുതിയൊരു പ്രോജക്ട് ചെയ്യാമെന്ന നിർദ്ദേശം മമ്മൂട്ടി മുന്നോട്ടുവെക്കുന്നത്. ഉടനെ ചെയ്യാൻ കഥയില്ലെന്ന് പറഞ്ഞപ്പോൾ, ശ്രമിച്ചാൽ നടക്കുമെന്ന് മമ്മൂക്ക ആത്മവിശ്വാസം നൽകിയതാണ് തനിക്ക് പ്രചോദനമായതെന്ന് വിനയൻ ഓർക്കുന്നു.
Also Read: ഷറഫുദീൻ നായകനായ ‘മധുവിധു’; ആഗോള റിലീസ് പ്രഖ്യാപിച്ചു
അക്കാലത്ത് കേരളത്തെ നടുക്കിയ ആലുവ കൊലക്കേസ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയമായിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി മൂന്നു നാലു ദിവസം കൊണ്ട് വിനയൻ ഒരു കഥയുണ്ടാക്കി മമ്മൂട്ടിയോട് പറഞ്ഞു. ചെന്നൈയിലെ വീട്ടിൽ വെച്ച് കഥ കേട്ട അദ്ദേഹം ഉടൻ തന്നെ സമ്മതം മൂളുകയായിരുന്നു. തുടർന്ന് വളരെ വേഗത്തിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഷൂട്ടിംഗ് തുടങ്ങുമ്പോൾ തിരക്കഥ പൂർത്തിയായിരുന്നില്ലെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച രാമനാഥൻ ഐപിഎസ് എന്ന കഥാപാത്രം തിയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. 2001-ലെ ഓണം റിലീസായി മോഹൻലാലിന്റെ ‘രാവണപ്രഭു’വിനോട് മത്സരിച്ച് വലിയ വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചു. സർഗ്ഗം കബീറായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.
The post ആലുവ കൊലക്കേസിനെ ആസ്പദമാക്കി കഥ; മമ്മൂട്ടിയുടെ ‘രാമനാഥൻ IPS’ രൂപപ്പെട്ടതെങ്ങനെ എന്ന് വിനയൻ appeared first on Express Kerala.



