
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തിരികെ ജയിലിലേക്ക് മാറ്റി. ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതിനാലാണ് ചികിത്സ നൽകിയത്. എന്നാൽ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെയാണ് ഡിസ്ചാർജ് ചെയ്തത്.
അതേസമയം, കേസിൽ തന്ത്രിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ തന്ത്രിയുടെ വസതിയിൽ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സ്വർണ്ണാഭരണങ്ങളുടെ അളവും സംഘം പരിശോധിച്ചു.
Also Read: മകരവിളക്ക്; ശബരിമലയിൽ കർശന നിയന്ത്രണം
കൂടാതെ, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണപ്പാളികൾ മാറ്റി പകരം ചെമ്പ് പാളികൾ വെച്ചതുമായി ബന്ധപ്പെട്ട മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
The post ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി; കസ്റ്റഡി അപേക്ഷ നാളെ appeared first on Express Kerala.



