നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് കസ്റ്റഡിയിൽ | Neyyattinkara murder
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45കാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Neyyattinkara murder). പൂഴിക്കുന്ന് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ സുഹൃത്തും വെങ്ങാനൂർ സ്വദേശിയുമായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേഹമാസകലം 35ഓളം വെട്ടേറ്റ നിലയിലായിരുന്നു രാജന്റെ മൃതദേഹം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന രാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
രാജന്റെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്ന അനൂപ് കഴിഞ്ഞ ദിവസം രാത്രിയും രാജനൊപ്പം മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൃത്യത്തിന് പിന്നാലെ അനൂപ് രാജന്റെ ബൈക്കുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം. പരസ്യമായി മദ്യപിച്ചതിന് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
A 45-year-old man was found hacked to death at Poozhikkunnu in Neyyattinkara, Thiruvananthapuram. His friend, a resident of Venganur, has been taken into police custody, with a dispute during drinking suspected to have led to the killing.




