76 വർഷത്തെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിൽ ഉച്ചയ്ക്ക് ശേഷം പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ അധ്യക്ഷതയിൽ സമയം തിരുത്തിക്കുറിച്ച് വിപ്ലവകരമായ മാറ്റം; ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ സുനിത അഗർവാൾ, ദേവേന്ദ്ര കുമാർ ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവർ ഇന്ന് ഉച്ചയ്ക്ക് 3:30-ന് ചുമതലയേൽക്കും
ഡല്‍ഹി: സുപ്രീം കോടതി ചരിത്രത്തിലാദ്യമായി രാവിലെ നടത്താറുള്ള പതിവ് ചടങ്ങ് തിരുത്തി പുതിയ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷം നടത്താന്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തീരുമാനിച്ചു.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് എന്നിവരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:30-ന് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നത്.
1950-ല്‍ നിലവില്‍ വന്നതിന് ശേഷം സാധാരണയായി കോടതി സമയം ആരംഭിക്കുന്ന രാവിലെ 10:30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കാറുള്ളത്.
പുതിയ ജഡ്ജിമാര്‍ക്ക് അവരുടെ മാതൃ ഹൈക്കോടതികളില്‍ വിടവാങ്ങല്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഡല്‍ഹിയിലെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സമയത്തില്‍ മാറ്റം വരുത്തിയത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ കൊളീജിയം സെപ്റ്റംബര്‍ 28-ന് നല്കിയ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ഇറക്കിയ ഉത്തരവ് കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് സ്ഥിരീകരിച്ചിരുന്നു.
ജസ്റ്റിസ് സുനിത അഗര്‍വാള്‍ എത്തുന്നതോടെ സുപ്രീം കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. പുതിയ മൂന്ന് ജഡ്ജിമാര്‍ കൂടി ചുമതലയേല്‍ക്കുന്നതോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം പരമാവധി അംഗസംഖ്യയായ 38-ല്‍ 37 ആയി ഉയരും.




