വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം: സ്കൂൾ ഭരണസമിതിക്ക് സസ്പെൻഷൻ; കുവൈത്തിൽ കർശന നടപടി
കുവൈത്ത്: സർക്കാർ സ്കൂളിൽ നിരവധി വിദ്യാർഥിനികൾക്ക് കൂട്ടത്തോടെ ശ്വാസതടസ്സം നേരിട്ട സംഭവത്തിൽ സ്കൂൾ ഭരണസമിതിയെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബാഈയുടെ നിർദേശപ്രകാരമാണ് അടിയന്തര നടപടി.
സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളും അധ്യയനവും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ താത്കാലിക ഭരണസമിതിയെ ഉടൻ ചുമതലപ്പെടുത്താൻ മന്ത്രി ഉത്തരവിട്ടു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികളെ മന്ത്രി നേരിട്ടെത്തി സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ വിലയിരുത്തുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ ചില വിദ്യാർഥിനികൾക്കും പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗുരുതരമായ അച്ചടക്കലംഘനങ്ങളുടെ ഗണത്തിൽപ്പെടുത്തി ഇവർക്കെതിരെ വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തി കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ സ്കൂളിലെ വിദ്യാർഥിനികളെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




