വ്യോമയാന മേഖലയിലെ പ്രതിസന്ധി: ഇന്ധന നികുതി ഇളവുകളും അടിയന്തര നടപടികളും ആവശ്യപ്പെട്ട് എഫ്.ഐ.എ | Federation Of Indian Airlines
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ വ്യോമയാന കമ്പനികളെ സംരക്ഷിക്കാൻ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA). എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്.(Federation Of Indian Airlines Urges Govt ATF Price Tax Relief West Asia Conflict)
കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് അയച്ച കത്തിലാണ് എഫ്.ഐ.എ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്. വിമാന ഇന്ധനത്തിന്റെ (ATF) വില നിലവിലുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്ക് രീതിക്ക് പകരം ഉൽപ്പാദനച്ചെലവിനെ അടിസ്ഥാനമാക്കിയുള്ള ‘കോസ്റ്റ്-പ്ലസ്’ മാതൃകയിലേക്ക് മാറ്റുക. ഇന്ധനത്തിന്റെ ശതമാനക്കണക്കിലുള്ള എക്സൈസ് ഡ്യൂട്ടിക്ക് പകരം നിശ്ചിത തുകയുടെ നികുതി ചുമത്തുക.
ആഭ്യന്തര സർവീസുകൾക്കായി മുൻപ് നൽകിയിരുന്ന 25% ലാൻഡിംഗ്, പാർക്കിംഗ് ചാർജ് ഇളവ് ദീർഘിപ്പിച്ചു നൽകുക. ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എ.ടി.എഫിന് നൽകിയിട്ടുള്ള 7% വാറ്റ് നിരക്ക് തുടരുകയും, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും വാറ്റ് നിരക്കുകൾ കുറയ്ക്കാൻ കേന്ദ്രം ഇടപെടുകയും ചെയ്യുക. സാധാരണഗതിയിൽ വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 30-40% ഇന്ധനത്തിനാണ് ചെലവാകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് 55-60% ആയി കുതിച്ചുയർന്നു.
പശ്ചിമേഷ്യൻ സംഘർഷം കാരണം വ്യോമപാതകളിൽ നിയന്ത്രണം വന്നതോടെ നീണ്ട ദൂരങ്ങൾ വറ്റമിട്ട് പറക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപഭോഗവും പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ചെലവുകളും ഉയർത്തി. ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയായി. വ്യോമയാന മേഖലയ്ക്ക് അടിയന്തര പിന്തുണ നൽകിയില്ലെങ്കിൽ ലാഭകരമല്ലാത്ത ചില പ്രധാന റൂട്ടുകളിൽ നിന്നുള്ള സർവീസുകൾ നിർത്തലാക്കാൻ കമ്പനികൾ നിർബന്ധിതരായേക്കുമെന്നും എഫ്.ഐ.എ കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
Story Summary
The Federation of Indian Airlines (FIA), representing Air India, IndiGo, and SpiceJet, has urged Civil Aviation Minister Ram Mohan Naidu to intervene and alleviate mounting financial pressures on domestic carriers. Driven by the West Asia conflict, rising aviation turbine fuel (ATF) prices have surged airline operating costs from 30–40% to 55–60%. FIA has requested a shift to a cost-plus ATF pricing model, fixed excise duties, extended discounts on airport landing/parking fees, and reduced VAT rates across states to prevent service cutbacks on unsustainable routes.




