കേരള കേന്ദ്ര സർവകലാശാലയിലെ ആർഎസ്എസ് പരിപാടിക്ക് പൊലീസ് സംരക്ഷണം; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ | Pinarayi Vijayan
തിരുവനന്തപുരം: കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം നൽകിയ നടപടി അത്യന്തം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan). സംഘപരിവാർ സംഘടന ഒഴികെയുള്ള വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടും പരിപാടിക്ക് സർക്കാർ പിന്തുണ നൽകുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പാക്കാനും സംഘപരിവാർ ശ്രമിക്കുന്നുവെന്നും ഇതിന് യുഡിഎഫ് സർക്കാർ ഒത്താശ ചെയ്യുന്നത് പതിവായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി അക്കാദമിക് സ്വഭാവമുള്ളതാണെന്ന സർവകലാശാലയുടെ വാദം അംഗീകരിക്കാനാകില്ലെന്നും അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
പരിപാടിക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുവച്ച സാഹചര്യമുണ്ടായതായും പിണറായി വിജയൻ ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ പ്രചാരണത്തിന്റെയും വർഗീയതയുടെയും കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം ശക്തമായി പ്രതിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ശക്തികൾക്ക് ക്യാമ്പസുകളിൽ ഇടം ഒരുക്കുന്നതിന് സംസ്ഥാന പൊലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാറിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Story Summary:
Opposition leader Pinarayi Vijayan criticized the Kerala government over police protection provided for an RSS event at the Central University of Kerala in Kasaragod. He alleged that the move reflected an attempt to promote saffronisation and communal agendas in higher education institutions.




