‘ഫഡ്നാവിസ്, നിങ്ങൾ എന്തിനാണ് യോഗി ആദിത്യനാഥിനെപ്പോലെ പെരുമാറാൻ ശ്രമിക്കുന്നത്?’: അഭിജിത് ദിപ്കെ | Abhijeet Dipke
ഛത്രപതി സംഭാജിനഗർ: ഡൽഹി ജന്ദർ മന്ദിറിൽ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിൽ നിന്ന് തടയുന്നതിനായി പ്രവർത്തകർക്ക് നോട്ടീസ് അയച്ച ചന്ദ്രപൂർ പോലീസിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ കടുത്ത വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കേ. ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Abhijeet Dipke Slams Devendra Fadnavis Over Police Notices To CJP Workers)
“ഫഡ്നാവിസ്, നിങ്ങൾ എന്തിനാണ് യോഗി ആദിത്യനാഥിനെപ്പോലെ പെരുമാറാൻ ശ്രമിക്കുന്നത്? ഇത് മഹാരാഷ്ട്രയാണ്,” എന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കാനുള്ള ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കണമെന്നും, സംഘർഷത്തിന് സാധ്യതയുള്ളതിനാൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് പ്രവർത്തകർക്ക് നോട്ടീസ് നൽകിയത്. എന്നാൽ പ്രക്ഷോഭം അക്രമാസക്തമാകുമെന്ന് ചന്ദ്രപൂർ പോലീസിന് എങ്ങനെ മുൻകൂട്ടി അറിയാം എന്നും ജന്ദർ മന്ദിർ സ്ഥിതി ചെയ്യുന്നത് ചന്ദ്രപൂരിലാണോ എന്നും അഭിജീത് ദീപ്കേ ചോദിച്ചു.
ഇത്തരത്തിലുള്ള നടപടികൾ മഹാരാഷ്ട്ര പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്നും അവർ ഡൽഹി പോലീസിനെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും നിരവധി പ്രവർത്തകർക്ക് ഇത്തരം പോലീസ് നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ദീപ്കേ പറഞ്ഞു. “എന്റെ സഹപ്രവർത്തകരെ ഉപദ്രവിക്കുന്നതിന് പകരം എന്നെ അറസ്റ്റ് ചെയ്യൂ. ഏത് നിയമം വേണമെങ്കിലും എനിക്കെതിരെ ചുമത്താം, എന്നാൽ സഹപ്രവർത്തകരെ ശല്യം ചെയ്യരുത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Story Summary
Cockroach Janta Party founder Abhijeet Dipke criticized Chief Minister Devendra Fadnavis and Chandrapur Police for serving notices to CJP supporters to stop them from travelling to Delhi for a proposed protest at Jantar Mantar. Dipke reiterated his demand for the resignation of Chief Election Commissioner Gyanesh Kumar.




