ഗാനഗന്ധർവ്വന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് ആ ’16 രൂപ’ ! യേശുദാസിന്റെ ജീവിതത്തിലെ നിർണ്ണായക ഓർമ്മ പങ്കുവെച്ച് സോഷ്യൽ മീഡിയ. മദ്രാസിലേക്ക് വണ്ടികയറാൻ പണമില്ലാതെ വലഞ്ഞ ഗായകന് തുണയായത് മത്തായിച്ചേട്ടൻ. അപൂർവ്വ സൗഹൃദക്കഥ ഓർത്തെടുത്ത് തോപ്പുംപടി സ്വദേശി ടി.വൈ. രാജീവ്
കോട്ടയം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ സംഗീതജീവിതത്തിന്റെ തുടക്കത്തിൽ വഴിത്തിരിവായ,’16 രൂപ’യുടെ ഓർമ്മകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ.
മദ്രാസിലേക്ക് പാട്ടുപാടാൻ പോകാൻ പണമില്ലാതെ ബുദ്ധിമുട്ടിയ അന്നത്തെ യുവ ഗായകന് തോപ്പുംപടി സ്വദേശിയും ടാക്സി ഡ്രൈവറുമായിരുന്ന മത്തായിച്ചേട്ടൻ നൽകിയ 16 രൂപയുടെ കഥയാണ് തോപ്പുംപടി സ്വദേശിയായ ടി.വൈ രാജീവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
1961-ൽ മത്തായിച്ചേട്ടൻ നൽകിയ ആ 16 രൂപയ്ക്ക് ഇന്ന് വെറും പണത്തിന്റെ മൂല്യം മാത്രമല്ല ഉള്ളതെന്നും, സ്നേഹത്തിന്റെയും നന്മയുടെയും അളവറ്റ മൂല്യമുണ്ടെന്നും കുറിപ്പിൽ പറയുന്നു.
തന്റെ വീടിനടുത്തായിരുന്നു മത്തായിച്ചേട്ടന്റെ വീടെന്നും, തോപ്പുംപടിയിൽ സ്റ്റേഷനറി കട നടത്തിയിരുന്ന തന്റെ പിതാവിന്റെ അടുത്ത പരിചയക്കാരനായിരുന്നു അദ്ദേഹമെന്നും രാജീവ് ഓർക്കുന്നു.
കടയ്ക്ക് മുന്നിലെ ടാക്സി സ്റ്റാൻഡിൽ സ്ഥിരമായി ഉണ്ടാകാറുള്ള മെലിഞ്ഞ കൃശഗാത്രനായ മത്തായിച്ചേട്ടന്റെ രൂപം ഇന്നും മനസിൽ മായാതെ നിൽക്കുന്നു.
മത്തായിച്ചേട്ടന്റെ വീട്ടിലെ ചുമരിൽ തൂങ്ങിയിരുന്ന അപൂർവ്വ ചിത്രം വർഷങ്ങൾക്ക് മുൻപ് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് രാജീവായിരുന്നു. മുൻപ് പല അഭിമുഖങ്ങളിലും ഓർമ്മക്കുറിപ്പുകളിലും ദാസേട്ടൻ തന്നെ നന്ദിയോടെ സ്മരിച്ചിട്ടുള്ള വ്യക്തിയാണ് മത്തായിച്ചേട്ടൻ.
പഴയ സൈക്കിൾ റിക്ഷകളും ചുരുക്കം ചില ടാക്സികളും ഓടിയിരുന്ന അന്നത്തെ തോപ്പുംപടിയുടെ തെരുവിലൂടെ പുസ്തകങ്ങൾ അടുക്കിപ്പിടിച്ച് കൂട്ടുകാരോടൊപ്പം നടന്നുപോയിരുന്ന കുട്ടി യേശുദാസിൻ്റെ ചിത്രം ഒരു കറുപ്പും വെളുപ്പും സിനിമപോലെ മനസിൽ തെളിയുന്നുവെന്ന് രാജീവ് കുറിക്കുന്നു.
യേശുദാസ് ഇന്റർവ്യൂവിൽ പറഞ്ഞത്…
ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതെയാണു ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരനായ തങ്ങളാണ് എല്ലാറ്റിനും തുണയായി ഉണ്ടായിരുന്നത്. തങ്ങളുടെ ബാപ്പ തയ്കാവ് തങ്ങളും എന്റെ അപ്പച്ചനും അടുത്ത കൂട്ടുകാരായിരുന്നു.
പള്ളുരുത്തിയിലെ ടാക്സി ഡ്രൈവർ മത്തായിയുടെ കാറുമായി വന്നാണ് തങ്ങൾ എന്നെ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽവേ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയത്. കയ്യിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു തങ്ങളോടു പറഞ്ഞു സങ്കടപ്പെടുമ്പോൾ എന്താ പിറുപിറുക്കുന്നതെന്നായി മത്തായിച്ചേട്ടൻ.
കാര്യം പറഞ്ഞപ്പോൾ ‘ഇനി അതും ഞാൻ തരണോ’ എന്നായി പരുക്കൻ ചോദ്യം. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ എനിക്ക് അദ്ദേഹം പോക്കറ്റിൽനിന്ന് 16 രൂപ ഒരു മടിയും കൂടാതെ എടുത്തു തന്നു. തിരിച്ചു കിട്ടുമെന്ന് ഒരുറപ്പുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം അതു തന്നത്. 11 രൂപയായിരുന്നു ടിക്കറ്റിനെന്നാണ് ഓർമ. എന്തെങ്കിലും കഴിച്ചോയെന്നു പോലും ഓർമയില്ല. മനസ്സിൽ നിറയെ പാടാൻ പോകുന്ന പാട്ടായിരുന്നു.
സൗഹൃദക്കഥ ഓർത്തെടുത്ത് ടി.വൈ. രാജീവ്
ശ്രീ യേശുദാസ് നു കൊടുത്ത 16 രൂപയുടെ മൂല്യമെത്ര..?
16 രൂപ അതും 1961ൽ..! അതിന്റെ മൂല്യം എത്രയെന്നു ഇന്ന് കണക്കാക്കുമ്പോൾ 160 എന്നോ, 1600 എന്നൊക്കെയാണ് നമ്മൾ പറയുക.. എന്നാൽ ഈ 16 രൂപ കൊടുത്ത മത്തായി ചേട്ടൻ എന്ന തോപ്പുപടിക്കാരൻ അന്ന് വിചാരിച്ചു കാണില്ല ഇതിന്റെ മൂല്യം മാത്രമല്ല, നന്മയുള്ള ആ മനസാകും സ്നേഹത്തിന്റെ ആഴക്കടലിൽ നിന്നെടുത്ത രത്നമാണ് തന്റെ 16 രൂപ എന്ന്..!..
അതെ, മദ്രാസിൽ പാട്ട് പാടാൻ പോകാൻ നേരത്തു, അന്നത്തെ യുവാവായ യേശുദാസ്നു മത്തായി ചേട്ടൻ എന്ന തോപ്പുംപടിയിലെ ടാക്സി ഡ്രൈവർ, വണ്ടിക്കൂലിയായി കൊടുത്ത 16 രൂപയുടെ കഥയാണ് പറഞ്ഞത്..
എന്റെ വീടിനടുത്താണ് മത്തായി ചേട്ടൻ ന്റെ വീട്.
കൊച്ചി തോപ്പുംപടിയിൽ അന്ന് സ്റ്റേഷനിറി കട നടത്തിയിരുന്ന എന്റെ അച്ചന്റെ അടുത്ത പരിചയക്കാരനാണ്. ഞങ്ങളുടെ തോപ്പുംപടിയിലെ കടയുടെ മുന്നിലാണ് ടാക്സി സ്റ്റാൻഡ്.അവിടെ ചേട്ടൻ എപ്പോഴും ഉണ്ടാകും. ഈ ഫോട്ടോ ഞാന്നാണ് വർഷങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തു പരിചപ്പെടുത്തിയതെന്നു എനിക്ക് അഭിമാനത്തോടെ പറയാം..
മത്തായി ചേട്ടന്റെ വീട്ടിൽ ചെന്ന് ചുമരിൽ ഓർമ്മയായി പതിഞ്ഞു കിടന്ന ഫോട്ടോ മൊബൈലിൽ പകർത്തി മീഡിയയിലൂടെ പങ്ക് വെച്ച്.. അതിനും മുൻപ് ദാസേട്ടന്റെ ഓർമ്മകുറിപ്പിലൂടെ, അനുഭവ വിവരണങ്ങളിലൂടെയും ചേട്ടൻ അറിയപ്പെട്ടിരുന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്.
ഇന്ന് ആ പഴയ കടയിൽ ഞാൻ ഇരിക്കുമ്പോൾ, അകക്കണ്ണിൽ ഞാൻ ആ കാലം കാണുന്നു..,
എന്റെ അച്ചൻ, പിന്നെ മെലിഞ്ഞ കൃശഗാത്രനായ മത്തായിച്ചേട്ടനെ, തോപ്പുംപടിയെ, ആക്കാലത്തെ ഇരുചക്ര, മുച്ചക്ര സൈക്കിൾ റിക്ഷകൾ.. പിന്നെ ഏതാനും ടാക്സികൾ… പുസ്തകം അടുക്കിപ്പിടിച്ചു കൂട്ടുകാരോടൊപ്പം തൊപ്പുംപടിയിലൂടെ നടന്നു പോകുന്ന *കുട്ടി* യേശുദാസിനെയും…
ഒരു പഴയ ബ്ലക്ക് & വൈറ്റ് സിനിമപോലെ… ഓർമ്മകൾക്ക് സുഗന്ധം മാത്രമല്ല, നിറവും, ഉണ്ട്.. കാലമെത്ര കഴിഞ്ഞാലും, ഈ ഓർമ്മകൾക്ക് മങ്ങലില്ല..!
{രാജീവ് Ty}




