ആർ. സുഗതനെതിരായ കാപ്പാ നടപടി രാഷ്ട്രീയ പകപോക്കൽ;കോർപ്പറേഷൻ ഭരണത്തെ അട്ടിമറിക്കാൻ നീക്കം : എൽഡിഎഫ്–യുഡിഎഫ് നയങ്ങൾ ഒന്നുതന്നെയെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ
തിരുവനന്തപുരം: കൗൺസിലർ ആർ. സുഗതനെതിരായ കാപ്പാ കേസ് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഭരണാധികാരികൾ പോലീസിനെ ആയുധമാക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പോലീസിന്റെ അധികാരം ദുരുപയോഗം ചെയ്ത് സി.പി.എം കെട്ടിച്ചമച്ച കേസിന്റെ തുടർച്ചയായാണ് സുഗതനെതിരെ യുഡിഎഫ് സർക്കാർ കാപ്പാ വകുപ്പ് ചുമത്തിയ നടപടി.
സുഗതനെതിരായ കാപ്പാ കരുതൽ തടങ്കൽ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയതോടെ, രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ സിപിഎം പോലീസിനെ ദുരുപയോഗം ചെയ്തെന്ന ബി.ജെ.പിയുടെ നിലപാടിന് കൂടുതൽ വ്യക്തത വന്നിരിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
സുഗതനെതിരായ കേസ് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് തുടക്കം മുതൽ ബി.ജെ.പി വ്യക്തമാക്കിയിരുന്നു. LDF സർക്കാർ മാറി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും സി.പി.എം തുടങ്ങിവെച്ച ഈ കള്ളക്കളി അതേപടി തുടരുകയാണ്.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഭരണസംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിക്കുന്നതിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ ഭരണത്തെ അട്ടിമറിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വ്യാജ കേസുകളുടെ പരമ്പരയുമായി ഇൻഡി സഖ്യം മുന്നോട്ടുപോകുന്നത്.
ഒരു ജനപ്രതിനിധിയെ കാപ്പാ ചുമത്തി തടങ്കലിലാക്കുകയും പിന്നീട് അതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ തടങ്കൽ ഉത്തരവ് റദ്ദാക്കപ്പെടുകയും ചെയ്ത സാഹചര്യം ഗൗരവമായി കാണേണ്ടതാണ്.
ഹൈക്കോടതി ഉത്തരവിൽ തടങ്കൽ നടപടിയുമായി ബന്ധപ്പെട്ട നടപടിക്രമപരമായ വീഴ്ചകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഭരണഘടന ഉയർത്തിപ്പിടിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ ഈ ഇരട്ടത്താപ്പിന് മറുപടി പറയണം.
രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതാണോ കോൺഗ്രസ് പറയുന്ന ഭരണഘടനയും ജനാധിപത്യവും? രാഷ്ട്രീയ എതിരാളികൾക്കെതിരെ പോലീസിനെ ഉപയോഗിക്കുന്ന സി.പി.എം രീതിയെയാണ് ഇന്ന് കോൺഗ്രസും മുസ്ലിം ലീഗും പിന്തുടരുന്നതെങ്കിൽ, കേരളത്തിലെ ജനങ്ങൾ അത് തിരിച്ചറിയും.
എൽ.ഡി.എഫും യു.ഡി.എഫും രണ്ടല്ല, ഒന്നാണ് എന്നതിന്റെ മറ്റൊരു തെളിവാണ് സുഗതനെതിരായ നടപടി. അധികാരം മാറിയെങ്കിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന രീതിയിൽ മാറ്റമില്ല. എല്ലാ കാര്യത്തിലും എൽഡിഎഫും യുഡിഎഫും ഒന്നാണ് എന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.




