ചിക്കൻപോക്സ് വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകൾ ഓൺലൈനിലേക്ക് | CUSAT Campus Closed
കൊച്ചി: ചിക്കൻപോക്സ് വ്യാപിച്ചതിനെ തുടർന്ന് കൊച്ചിയിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു (CUSAT Campus Closed). രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിലെ ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചതായി അധികൃതർ അറിയിച്ചു.
ക്യാമ്പസിൽ നടത്താനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പും ഇതോടെ മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി വിദ്യാർഥികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ക്യാമ്പസിൽ നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. ഇതിനിടെയാണ് രണ്ട് വിദ്യാർഥികൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളുടെ ക്ലാസുകൾ നേരത്തെ തന്നെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ കൂടുതൽ വിദ്യാർഥികളിലേക്ക് രോഗം വ്യാപിച്ചതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി മുഴുവൻ ക്യാമ്പസും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ക്യാമ്പസ് അടച്ചതെന്നാണ് അധികൃതരുടെ നിലപാട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ക്യാമ്പസ് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.
Story Summary:
Cochin University of Science and Technology (CUSAT) has closed its campus following the spread of chickenpox among students. Classes have been shifted completely online, hostels have been closed and the scheduled student union election has been postponed.




